ജാപ്പനീസ് കെമിസ്റ്റും ഗ്രീന്‍ ടീ ഗവേഷകയുമായ മിഷിയോ സുജിമുറയെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍. സുജിമുറയുടെ 133-ാമത് പിറന്നാളിനോടനുബന്ധിച്ചാണ് ഗൂഗിള്‍ അവര്‍ക്ക് ആദരമര്‍പ്പിച്ചത്. ഗ്രീന്‍ ടീയിലെ രാസഘടകങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അവര്‍ അവ വേര്‍തിരിച്ചെടുക്കുകയും ചെയ്തിരുന്നു. സുജിമുറയുടെ കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന ആദരം നല്‍കുന്ന ഡൂഡിലാണ് ഗൂഗിള്‍ നിര്‍മിച്ചത്. ചായച്ചെടി, ഒരു കപ്പ് ഗ്രീന്‍ ടീ, പേന, ഫ്‌ളാസ്‌ക്, നോട്ട് പാഡ് എന്നിവയെല്ലാം ഡൂഡിളിലുണ്ട്. 

ജപ്പാനിലെ ഒകെഗാവ പട്ടണത്തില്‍ 1888 സെപ്റ്റംബര്‍ 17-നാണ് സുജിമുറയുടെ ജനനം. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ശാസ്ത്രവിഷയങ്ങളോട് കമ്പമുണ്ടായിരുന്ന അവര്‍ക്ക് ശാസ്ത്രഗവേഷണത്തില്‍ തൊഴില്‍ നേടായിരുന്നു താത്പര്യം.

1920-ല്‍ ഹോക്കിയാണോ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയില്‍ വേതനമൊന്നുമില്ലാതെ ലാബോറട്ടറി അസിസ്റ്റന്റായി അവര്‍ ജോലിക്കു കയറി. അതിനു മുമ്പ് പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള രണ്ട് സ്‌കൂളുകളില്‍ അധ്യാപികയായി അവര്‍ ജോലി ചെയ്തു. പട്ടുനൂല്‍ പുഴുവിന്റെ പോഷകാഹാര മൂല്യത്തെക്കുറിച്ചാണ് ആദ്യനാളുകളില്‍ അവര്‍ ഗവേഷണം നടത്തിയത്. 

1922-ല്‍ ടോക്യോയിലെ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് അവര്‍ക്ക് മാറ്റം കിട്ടിയിരുന്നെങ്കിലും പിറ്റേ വര്‍ഷം ഭൂമികുലുക്കത്തില്‍ ഈ ലാബ് തകര്‍ന്നു. പിന്നീട് ഡോ. ഇമെതരോ സുസുക്കിയുടെ കീഴിലായിരുന്നു സുജിമുറയുടെ ഗവേഷണം. സുസുക്കിയാണ് വിറ്റാമിന്‍ B1 കണ്ടെത്തിയത്. ഈ ലാബില്‍ നിന്നാണ് സുജിമുറെയും അവരുടെ സഹഗവേഷകയായ സെയ്താരോ മിയുരയും ഗ്രീന്‍ ടീ വിറ്റാമിന്‍ സിയുടെ പ്രകൃതിദത്ത സ്രോതസ്സാണെന്ന് കണ്ടെത്തിയത്. ഈ കണ്ടെത്തലിനുശേഷം വടക്കേ അമേരിക്കയിലേക്കുള്ള ഗ്രീന്‍ ടീയുടെ കയറ്റുമതി കുത്തനെ കൂടി. 

ഗ്രീന്‍ ടീയില്‍ ഗവേഷണം തുടര്‍ന്ന സുജിമുറ അതിലടങ്ങിയിരിക്കുന്ന കൂടുതല്‍ രാസഘടകങ്ങള്‍ വേര്‍തിരിച്ചെടുത്തു. 1932-ല്‍ അവര്‍ തന്റെ ഡോക്ടറല്‍ തിസീസ് പ്രസിദ്ധീകരിച്ചു. കാര്‍ഷികരംഗത്ത് ഡോക്ടറേറ്റ് നേടുന്ന ആദ്യ ജാപ്പനീസ് വനിത എന്ന അംഗീകാരം അവരെ തേടിയെത്തി. ചെടികളില്‍നിന്ന് സ്ഫടികരൂപത്തില്‍ വിറ്റാമിന്‍ സി വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് 1935-ല്‍ അവര്‍ പേറ്റന്റ് എടുത്തു. 

ഗ്രീന്‍ ടീയിലെ ഗവേഷണങ്ങള്‍ക്ക് 1956-ലെ ജപ്പാന്‍ പ്രൈസ് ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് പുരസ്‌കാരം അവരെ തേടിയെത്തി. 1969 ജൂണ്‍ ഒന്നിന് അവര്‍ അന്തരിച്ചു. 80-ാമത്തെ വയസ്സിലായിരുന്നു സുജിമുറയുടെ അന്ത്യം. അവരുടെ നേട്ടങ്ങള്‍ വിവരിക്കുന്ന ഫലകം ഒകേഗാവയില്‍ സ്ഥാപിച്ചിട്ടുണ്ട്.

Content highlights: michiyo tsujimura google doodle pays tribute to japanese chemist and green tea researcher