2021 മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ കിരീടം ചൂടി മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവില്‍ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഡിലൈന്‍ കാസ്റ്റിലിനാണ് നാലാം സ്ഥാനം. 

കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 2020 ലെ മത്സരം ക്യാന്‍സല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ വര്‍ഷമാണ് വീണ്ടും ലൈവായി മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്. 69-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിന് ഫ്‌ളോറിഡയായിരുന്നു വേദി. 

ചുവന്ന തിളങ്ങുന്ന റെഡ് ഗൗണായിരുന്നു ആന്‍ഡ്രിയയുടെ വേഷം. വിജയവിവരമറിഞ്ഞ് കൂടെയുള്ളവരെ ആലിംഗനം ചെയ്യാന്‍ തിരിയുന്നതിനുമുമ്പേ സന്തോഷ കണ്ണീരോടെ ആന്‍ഡ്രിയ ഒരു വട്ടം കൂടി റാമ്പില്‍ ചുവടുവച്ചു. 

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയാണ് ഇരുപത്താറുകാരിയായ ആന്‍ഡ്രിയ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകയാണ്. മേക്കപ് ആര്‍ടിസ്റ്റ്, മോഡല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

തന്റെ രാജ്യത്തെ പട്ടാള അതിക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ മിസ് മ്യാന്‍മര്‍ തുസാര്‍ വിന്റ് ല്വിന്നും ആദ്യ 21 പേരുടെ പട്ടികയിലുണ്ടായിരുന്നു. ഏഷ്യക്കാരെ വെറുക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പും സിംഗപ്പൂര്‍ ഫ്‌ളാഗിലെ നിറങ്ങളുമടങ്ങുന്ന ഗൗണ്‍ ധരിച്ചാണ് മിസ്സ് സിംഗപ്പൂര്‍ മത്സരത്തിന്റെ വേദിയിലെത്തിയത്. ഇങ്ങനെ രാഷ്ട്രീയവും സൗന്ദര്യ മത്സര വേദിയില്‍ ചര്‍ച്ചാ വിഷയമായി.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Andrea Meza (@andreamezamx)

70 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മാറ്റുരച്ചത്. മുന്‍ മിസ് യൂണിവേഴ്‌സ് സോസിബിനി തുന്‍സിയാണ് ആന്‍ഡ്രിയയെ കിരീടം അണിയിച്ചത്.

Content Highlights: Mexico's Andrea Meza Crowned Miss Universe 2021