ബ്രിട്ടനിലെ പതിനായിരക്കണക്കിന് യുവജനങ്ങള്‍ വീണ്ടും തുറന്നു പറയുകയാണ്, കൗമാര കാലത്ത് തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ പറ്റി. അതില്‍ സമപ്രായക്കാരില്‍ നിന്നേറ്റ അതിക്രമങ്ങളാണ് ഏറെയും. എവരിവണ്‍ ഇന്‍വൈറ്റഡ് എന്ന വെബ്‌സൈറ്റിലാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി സ്‌കൂളുകളിലെ മീ ടൂ മൂവ്‌മെന്റ് എന്ന പേരില്‍ ഈ തുറന്നു പറച്ചില്‍ അരങ്ങേറുന്നത്.  

സോമ സാറ എന്ന ഇരുപത്തിരണ്ടുകാരിയാണ് ഈ വെബ്‌സൈറ്റിന് പിന്നില്‍. തന്റെ തന്നെ ചുറ്റുപാടുകളില്‍ കൗമാരകാലത്ത് താന്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ പറ്റി സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോഴാണ് ഇത്തരത്തിലൊരു വെബ്‌സൈറ്റ് എന്ന് ആശയം ഉരുത്തിരിഞ്ഞതെന്ന് സോമ പറയുന്നു. അത്തരം ചുറ്റുപാടുകളെ റേപ്പ് കള്‍ച്ചര്‍ എന്നാണ് സോണ വിശേഷിപ്പിക്കുന്നത്. 

'ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് നമ്മള്‍ നിസ്സാരമാക്കുന്ന ചില പെരുമാറ്റരീതികളെ പറ്റിയാണ്. ക്രിസ്മസ് പാര്‍ട്ടി, അല്ലെങ്കില്‍ അത്തരത്തിലൊരു ഒത്തുകൂടലില്‍ എടുക്കുന്ന ഇന്റിമേറ്റ് ചിത്രങ്ങള്‍ ഒരാളുടെ അറിവില്ലാതെ ഷെയര്‍ ചെയ്യുക, അതിന് ലൈംഗികച്ചുവയുള്ള കമന്റുകള്‍ നല്‍കുക. ഇവയൊക്കെ അതില്‍ ഉള്‍പ്പെടും.' സോമ റോയിറ്റേഴ്‌സിനോട് പറയുന്നു. 

women
സോമ സാറ

'എന്നാല്‍ ഇത് നിസ്സാരമാക്കുകയാണ് പലപ്പോഴും ചെയ്യാറ്.'' ഇത്തരം കാര്യങ്ങള്‍ വലിയ ലൈംഗികചൂഷണങ്ങളുടെ തുടക്കമാണെന്നും സോമ. എവരിവണ്‍ ഇന്‍വൈറ്റഡില്‍ കൂടുതല്‍ അനുഭവങ്ങളും പെണ്‍കുട്ടികളുടേതാണ്. കുറച്ച് കേസുകള്‍ ആണ്‍കുട്ടികളുടേതായും വരുന്നുണ്ട്. മദ്യപിച്ച് ഉറങ്ങുമ്പോള്‍ അനുവാദമില്ലാതെ ലൈംഗിക ബന്ധത്തിന് ശ്രമിച്ച് സുഹൃത്തിനെ പറ്റിയും, തന്റെ അനുവാദമില്ലാതെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവച്ച് കാമുകനെ കുറിച്ചുമെല്ലാം തുറന്ന് എഴുതുന്നതിനോടൊപ്പം ലണ്ടനിലെ പ്രസിദ്ധമായ സ്വകാര്യ വിദ്യാലയങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗികചൂഷണങ്ങളെ പറ്റിയും വെബ്‌സൈറ്റില്‍ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അത്തരം അനുഭവങ്ങളാണ് ഏറെയും. പലരും അവരുടെ സ്‌കൂളുകളുടെയും കോളേജുകളുടെയും പേരിലാണ് ഈ തുറന്നെഴുത്തുകള്‍ നടത്തുന്നത്. 

ഇവ കാര്യമായി എടുക്കേണ്ടവയാണെന്നും നടപടികള്‍ വേണമെന്നും അനുഭവങ്ങള്‍ പുറത്തെത്തിയതോടെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് പ്രതികരിച്ചിട്ടുണ്ട്. 'ഇത് സ്‌കൂളുകളിലെ മീടൂ മൂവ്‌മെന്റാണ്. നമ്മള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് കാണുന്നത്.' നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥനായ സൈമണ്‍ ബെയ്‌ലി ബിബിസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Content Highlights: MeToo Movement for British Schools