റക്കത്തിനിടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണരുന്നു, എഴുന്നേൽക്കുമ്പോൾ കാണുന്നത് മേൽക്കൂര തുളച്ച് കിടക്കയിൽ വീണുകിടക്കുന്ന ഉൽക്കാശകലം. കാനഡയിൽ നിന്നുള്ള റൂത് ഹാമിൽട്ടണിന് ഇപ്പോഴും സംഭവിച്ചത് വിശ്വസിക്കാനായിട്ടില്ല. ഭീതിയോടെ മാത്രമേ ആ ദിനത്തെ ഓർത്തെടുക്കാനാവൂ എന്നാണ് റൂത് പറയുന്നത്. 

സമൂഹമാധ്യമത്തിലൂടെയാണ് അമ്പരപ്പിക്കുന്ന അനുഭവവും അതിനെ സാധൂകരിക്കുന്ന ചിത്രവും റൂത് പങ്കുവെച്ചത്. ഉറക്കത്തിനിടെ വലിയ ശബ്ദം കേട്ടാണ് റൂത് ഞെട്ടിയുണർന്നത്. കണ്ടതാകട്ടെ മേൽക്കൂര തുളച്ച് തന്റെ കിടക്കയിൽ വീണുകിടക്കുന്ന ഒരു ശിലാകഷ്ണം. അത്യാവശ്യം ശബ്ദത്തിൽ വന്നു പതിച്ചതിനാൽ തന്നെ ഉടൻ കിടക്കയിൽ നിന്ന് ചാടിമാറിയത് അപകടം ഒഴിവാക്കി. ശബ്ദം കേട്ട് എഴുന്നേറ്റ് മാറാൻ തോന്നിയതുകൊണ്ടു മാത്രമാണ് താൻ ജീവനോടെ ഇരിക്കുന്നതെന്ന് റൂത് പറയുന്നു. ഒപ്പം മേൽക്കൂരയുടെ ചിത്രവും കിടക്കയിൽ വീണിരിക്കുന്ന ശിലാശകലത്തിന്റെ ചിത്രവും കാണാം. 

സ്വന്തം വീട്ടിലെ കിടക്കയിൽ സുരക്ഷിതമെന്നു കരുതി കിടക്കുമ്പോൾ ഒരിക്കലും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റൂത് പറയുന്നു. ആദ്യം അത് ഉൽക്കാശകലം ആണെന്നും റൂതിന് മനസ്സിലായിരുന്നില്ല. മരം വീണതായിരിക്കുമോ എന്നാണ് ആദ്യം തോന്നിയത്. സമീപത്തായി പണി പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും തെറിച്ചു വീണതെന്തോ ആണോ എന്നും ആലോചിച്ചു. എന്നാൽ അന്വേഷിക്കവേ അത്തരത്തിൽ ഒന്നും അവിടെ സംഭവിച്ചിട്ടില്ലെന്ന് പറയുകയായിരുന്നു. 

എന്നാൽ ആകാശത്ത് ഒരു നക്ഷത്രം വീഴുന്നതുപോലെയും അത് പൊട്ടിത്തെറിക്കുന്നതുപോലെയും തോന്നിയെന്നും മുഴക്കങ്ങൾ അനുഭവപ്പെട്ടെന്നും പ്രദേശവാസികളിൽ ചിലർ പിന്നീട് അറിയിച്ചു. വെസ്റ്റേൺ ഒന്റാരിയോ സർവകലാശാലയിലെ വിദ​ഗ്ധരുടെ പരിശോധനയ്ക്ക് ശേഷമാണ് സം​ഗതി ഉൽക്കാശകലമാണെന്ന് റൂതിനെ അറിയിക്കുന്നത്. 

നേരത്തേയും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് ​ഗവേഷകനായ പീറ്റർ ബ്രൗൺ പറയുന്നു. ഒരുവർഷം മുമ്പ് ഇൻഡൊനീഷ്യയിലാണ് ഒരു വീടിന്റെ കിടപ്പുമുറിയിൽ തന്നെ ഉൽക്കാശകലം പതിച്ചത്. തുടർന്ന് വീട്ടുടമ അത് മതിപ്പുവിലയ്ക്ക് ​വിറ്റതും വാർത്തയായിരുന്നു. നാരങ്ങാ വലിപ്പത്തിലുള്ള ശിലാകഷ്ണം നിലവിൽ കൂടുതൽ പഠനങ്ങൾക്കായി ​ഗവേഷകർക്ക് നൽകിയിരിക്കുകയാണ് റൂത്. പഠനങ്ങൾക്കു ശേഷം തിരികെ വാങ്ങുമെന്നും റൂത് പറയുന്നു. 

ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ശിലാശകലങ്ങളെയാണ് ഉല്‍ക്കകള്‍ എന്നു പറയുന്നത്.  ഇവയില്‍ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങള്‍ എന്നിവയില്‍ നിന്നാണ്. ഭൂമിയിലേക്കു പലപ്പോഴും ചില കഷണങ്ങള്‍ എത്താറുണ്ട്. ഇവ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ ഘര്‍ഷണം സംഭവിച്ച് കത്തിതീരുകയാണ് പതിവ്.  കത്തുന്നവയില്‍ അപൂര്‍വ്വം മാത്രം ഭൂമിയിലേക്ക് പതിക്കും. 

Content Highlights: Meteorite crashes through woman’s roof, lands next to her