ഒറ്റപ്പാലം: പതിനൊന്നുമാസം, അമ്മയെ പിരിഞ്ഞ് അത്രയേ ശരത്ചന്ദ്രന് ജീവിക്കാനാകുമായിരുന്നുള്ളു. മൂന്ന് പതിറ്റാണ്ട് നോക്കിവളര്‍ത്തിയ സംസാരശേഷിയില്ലാതെ ചലിക്കാനാവാതെ കിടന്നിരുന്ന മകന്‍ ശരത്ചന്ദ്രന്‍ ആദ്യമായി അമ്മേ എന്ന് വിളിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ അന്ന് അമ്മ ശൈലജയുണ്ടായിരുന്നില്ല. ശൈലജ ആശുപത്രിക്കിടക്കയിലിരിക്കവെയാണ് ശരത്തിന്റെ ചുണ്ടുകള്‍ അമ്മ എന്ന് ഉച്ചരിച്ചത്.
അവര്‍ മരിച്ച് 11 മാസങ്ങള്‍ക്കുശേഷം വ്യാഴാഴ്ചരാത്രി ഏഴരയോടെ ശരത്ചന്ദ്രനും അമ്മയുടെ അടുത്തേക്ക് പോയി. ഒറ്റപ്പാലം പി.ജി. മേനോന്‍ റോഡില്‍ ദേവാമൃതത്തില്‍ രാമചന്ദ്രക്കുറുപ്പിന്റെയും ഭാര്യ പരേതയായ ശൈലജയുടെയും മൂത്തമകനാണ് ശരത് ചന്ദ്രന്‍.
ജന്മനാ ബുദ്ധിവികാസമില്ലാതിരുന്ന മകനെ ദൈവതുല്യമായാണ് ഇരുവരും കണ്ടിരുന്നത്. മകന്റെ കാല്‍തൊട്ടുവന്ദിച്ചാണ് ശൈലജയുടെ ഓരോ ദിവസവും തുടങ്ങിയിരുന്നത്.
30 വയസ്സുവരെ മകനെ പരിപാലിച്ച് ചെയ്യാവുന്ന പരമാവധി ചികിത്സ നല്‍കിയിട്ടും കൈകാലുകള്‍ അനക്കാനോ സംസാരിക്കാനോ ആകാത്ത സ്ഥിതിയിലായിരുന്നു ശരത്.
ഇതിനിടെ, ശൈലജ തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നതില്‍ കുറവുവരുന്ന അസുഖവുമായി ജീവതത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയവേയാണ് മകന്‍ ചുണ്ടനക്കി 'അമ്മേ' എന്നുവിളിച്ചത്. 30 വര്‍ഷമായി ശൈലജ കേള്‍ക്കാന്‍ കൊതിച്ചിരുന്ന വിളി. പക്ഷേ, അതുകേള്‍ക്കാന്‍ നില്‍ക്കാതെ ശൈലജ കഴിഞ്ഞ ജനുവരി 21ന് മരിച്ചു. അതുകഴിഞ്ഞ് 11 മാസങ്ങള്‍ക്കുശേഷം വ്യാഴാഴ്ചയാണ് മകനും മരണത്തിന് കീഴടങ്ങുന്നത്.
ഒരുമാസമായി ശ്വാസസംബന്ധമായ അസുഖവുമായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശരത്.
അമേരിക്കയിലെ ഡിസ്‌നി ക്രൂയിസ് ലൈന്‍സ് എന്ന ഷിപ്പിങ് കോപ്പറേഷനിലെ ചീഫ് സെക്യൂരിറ്റി ഓഫീസറായിരുന്നു അച്ഛന്‍ രാമചന്ദ്രക്കുറുപ്പ്. സഹോദരങ്ങള്‍: ശ്യാംചന്ദ്രന്‍ (സിംഗപ്പൂര്‍), ശരണ്യചന്ദ്രന്‍.
Content Highlights: Mentally retarded Sarath Chandran passed away