മേരിക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ കൊഴുക്കുകയാണ്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ പരിപാടികളിൽ സജീവമായി പ്രഥമവനിത മെലാനിയയും കൂടെയുണ്ട്. തിരഞ്ഞെടുപ്പ് വിശേഷങ്ങളല്ല മറിച്ച് മെലാനിയയുടെ ഡ്യൂപ് വിവാദമാണ് ഇപ്പോൾ സമൂഹമാധ്യമത്തിലുൾപ്പെടെ നിറയുന്നത്. നേരത്തേയും മെലാനിയയ്ക്കു പകരം ട്രംപ് ഡ്യൂപ്പിനെ കൊണ്ടുനടക്കുകയാണെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. അതിന് അടിവരയിടുന്ന തരത്തിലുളളതാണ് പുതിയ ചിത്രം എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 

ഫെയ്ക്മെലാനിയ എന്ന ഹാഷ്ടാ​ഗോടെയാണ് ചിത്രം വൈറലാവുന്നത്. ഹെലികോപ്റ്ററിൽ നിന്നും വൈറ്റ് ഹൗസ് സൗത് ലോണിൽ ഇറങ്ങുന്നതിനിടയിലുള്ള ചിത്രമാണത്. പടികളിൽ നിന്ന് കൈവീശിക്കാണിക്കുന്ന ട്രംപും പിറകിൽ നിന്ന് പുഞ്ചിരി തൂകുന്ന മെലാനിയയുമാണ് ചിത്രത്തിലുള്ളത്. എന്നാൽ ഇത് യഥാർഥ മെലാനിയ അല്ലെന്നാണ് ട്വിറ്റർ ലോകത്തെ പലരുടെയും കണ്ടെത്തൽ. അതിന് ചില തെളിവുകളും അവർ നിരത്തുന്നുണ്ട്. 

ചിരിക്കുമ്പോൾ മുഖത്ത് ധാരാളം ചുളിവുകൾ വരുന്നയാളാണ് മെലാനിയ, ഈ ചിത്രത്തിൽ അതെവിടെപ്പോയെന്നും പല്ലുകളും ചുണ്ടുകളും വ്യത്യസ്തമാണെന്നും ചിരി യാതൊരു സാമ്യവുമില്ലെന്നുമൊക്കെ പോകുന്നു പലരുടെയും കണ്ടുപിടിത്തം. 

എന്നാൽ ഇവയെല്ലാം തെറ്റിദ്ധാരണയാണെന്നും അത് യഥാർഥ മെലാനിയയാണെന്നും പറഞ്ഞ് ട്രംപിന് പിന്തുണയർപ്പിക്കുന്നവരുമുണ്ട്. ഫോട്ടോകൾ എടുക്കുന്നതിന്റെ ആം​ഗിൾ, ഏതു ക്യാമറാ ലെൻസ് ആണ് ഉപയോ​ഗിക്കുന്നത്, ഫോട്ടോ എടുക്കുന്ന പൊസിഷൻ എന്നിവയെല്ലാം ഫോട്ടോയിലെ വ്യക്തികളുടെ രൂപത്തിൽ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. ഇതാവാം ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ടാവുക എന്നും അവർ പറയുന്നു. 

മുമ്പും സമാനമായ പ്രചാരണങ്ങളുണ്ടായിരുന്നു. 2017ലാണ് ആദ്യമായി ട്രംപ് മെലാനിയയ്ക്ക് പകരം ഡ്യൂപ്പിനെ ഒപ്പം കൊണ്ടുനടക്കുന്നുവെന്ന പ്രചാരണം ഉണ്ടായത്. പ്യൂട്ടോറിക്കോയിൽ നാശംവിതച്ച ചുഴലിക്കാറ്റ് സംബന്ധിച്ച് മാധ്യമങ്ങളോട് അഭിസംബോധന ചെയ്യവേയായിരുന്നു ഇത്. അന്ന് ട്രംപിനൊപ്പം ഉണ്ടായിരുന്നത് മെലാനിയ അല്ലെന്നായിരുന്നു വാദം. വൈകാതെ തന്നെ ഫെയ്ക് മെലാനിയ എന്ന ഹാഷ്ടാ​ഗും സമൂഹമാധ്യമത്തിൽ വൈറലായി. 2019ൽ അലബാമയിൽ ചുഴലിക്കാറ്റ് നാശംവിതച്ചത് സംബന്ധിച്ച് മാധ്യമങ്ങളെ കാണുന്ന സമയത്തും ട്രംപിനൊപ്പമുണ്ടായിരുന്നത് മെലാനിയ അല്ലെന്ന വാദങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചരണങ്ങളെയെല്ലാം വൈറ്റ്ഹൗസ് നിഷേധിക്കുകയും ചെയ്തിരുന്നു. 

Content Highlights: Melania Trump ‘Body Double’ Conspiracy Theories Resurface