താനൂര്‍: റിമാന്‍ഡ് പ്രതികളുടെ ആരോഗ്യപരിശോധനകള്‍ നടത്താന്‍ പുതിയ മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചു. താനൂര്‍ സ്വദേശിയായ ഡോക്ടര്‍ പ്രതിഭയുടെ നിയമപോരാട്ടത്തിനൊടുവിലാണ് പുതിയ നിയമങ്ങള്‍ അംഗീകരിച്ചത്.

വൈദ്യപരിശോധനയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശം വേണമെന്നാവശ്യപ്പെട്ട് 2018ലാണ് ഡോ. പ്രതിഭ ചീഫ് സെക്രട്ടറിയെ സമീപിച്ചത്. ഒമ്പത് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് ഒക്ടോബര്‍ 31ന് പ്രാബല്യത്തില്‍ വന്നതോടെയാണ് ഡോ. പ്രതിഭ നടത്തിയ നിയമയുദ്ധം ശ്രദ്ധേയമായത്.

നിയമപോരാട്ടം ഇങ്ങനെ

2018 ഏപ്രിലില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ടൗണ്‍ പോലീസ് കൂട്ടമായി വൈദ്യപരിശോധനയ്ക്ക് പ്രതികളെ എത്തിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതോടെ പ്രതിഭ പ്രതികരിച്ചു. ടൗണ്‍ സബ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശം അനുസരിക്കാത്തതിനെത്തുടര്‍ന്ന് ഡോ. പ്രതിഭയ്ക്ക് കൈയേറ്റവും ഭീഷണിയുമുണ്ടായിരുന്നു.

പ്രതികളുടെ ജയില്‍ പ്രവേശനത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക ഫോമില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിനല്‍കണം. മതിയായ പരിശോധനകള്‍ക്ക് അവസരം നല്‍കാതെ റിമാന്‍ഡ് നടപടികള്‍ക്കുമുമ്പ് ഇത്തരം പരിശോധനാ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ആശുപത്രികളോട് ആവശ്യപ്പെടുന്ന നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടാണ് 2018ല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിതവിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. പ്രതിഭ സര്‍ക്കാരിനെ സമീപിച്ചത്.

അധികൃതരില്‍നിന്ന് അനുകൂല നടപടികളില്ലാത്തിനെത്തുടന്ന് ചീഫ് സെക്രട്ടറിക്ക് നിവേദനംനല്‍കി. ചീഫ് സെക്രട്ടറി തലത്തിലും നടപടിയുണ്ടായില്ല. ഇതോടെ ഹൈക്കോടതിയെ സമീപിച്ചു. പ്രതിഭ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി രണ്ടുമാസത്തിനകം രൂപപ്പെടുത്താന്‍ കഴിഞ്ഞവര്‍ഷം മേയില്‍ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

അങ്ങനെ എ.ഡി.ജി.പി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി തയ്യാറാക്കിയ കരടിന് നിയമവകുപ്പ് അനുമതിനല്‍കിയെങ്കിലും പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ചീഫ് സെക്രട്ടറിക്കെതിരേ ഡോ. പ്രതിഭ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്തു.

ഇതോടെ സംസ്ഥാന അറ്റോര്‍ണി വിഷയത്തില്‍ ഇടപെടുകയും നടപടിയെടുക്കുകയുമായിരുന്നു. ഉത്തരവ് കഴിഞ്ഞ 31ന് പുറത്തിറങ്ങി.

താനൂര്‍ മഠത്തില്‍ റോഡിലാണ് ഡോ. പ്രതിഭയുടെ വീട്. താനാളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണിപ്പോള്‍. 2010 മുതല്‍ 2015 വരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഉത്തരവ് പ്രാബല്യത്തില്‍ വന്നത് ഏറെ സന്തോഷംനല്‍കുന്നതായി ഡോ. പ്രതിഭ 'മാതൃഭൂമി'യോട് പറഞ്ഞു.

Content Highlights: medical examination of accused woman doctor in Tanur is behind the new guideline