റൂത്ത് ഷസ്റ്റർക്ക് വയസ് നൂറ്. കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിച്ച് വയ്യാത്ത പ്രായത്തിൽ വീട്ടിൽ തളർന്നു കിടപ്പാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇരുപതുകാരികളെ പോലും വെല്ലുന്നതരത്തിൽ സജീവമാണ് ഷസ്റ്റർ മുത്തശ്ശി. മെക്ഡൊണൾഡിന്റെ ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ഔട്ട്ലെറ്റിൽ അവർ നൂറാം പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. ക്യൂൻ ഓഫ് ദി ഡേയായി പ്രതീകാത്മക കിരീടധാരണമൊക്കെ നടന്ന ചടങ്ങിൽവച്ചാണ് ഉടനെയൊന്നും വിരമിച്ച് വീട്ടിലിരിക്കാൻ ഉദ്ദേശമില്ലെന്ന് ഷസ്റ്റർ സഹപ്രവർത്തകരോട് പ്രഖ്യാപിച്ചത്. പിന്നീട് പാവക്കുട്ടിയെപ്പോലെ തോന്നിപ്പിക്കുന്ന പിറന്നാൾ കുപ്പായമിട്ട് ഫോക്സ് ടെലിവിഷന് നൽകിയ അഭിമുഖത്തിലും അവർ ഇതാവർത്തിച്ചു. ഈ പ്രായത്തിലും എന്നെ ഇവിടെ ജോലിയിൽ തുടരാൻ അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇവർക്കൊപ്പം ജോലി ചെയ്യുന്നത് ഒരു ആനന്ദം തന്നെയാണ്-സന്തോഷം അടക്കാൻ പാടുപെട്ട് ഷസ്റ്റർ പറഞ്ഞു.

 ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത പിറന്നാൾ ചടങ്ങിൽ ആശംസ നേർന്നവരിൽ മെക്ഡൊണാൾഡ് മേധാവികളും മാസ്ക്കട്ട് റൊണാൾഡ് മക്ഡൊണാൾഡും ഉൾപ്പെടും. യു ആർ മൈ സൺഷൈൻ എന്ന പിറന്നാളുകാരിയുടെ പ്രിയഗാനം ചൊല്ലിക്കൊണ്ടായിരുന്നു റൊണാൾഡ് മക്ഡോണാൾഡിന്റെ ആശംസ. ഉപഭോക്താക്കൾക്ക് പിറന്നാൾ ആശംസകൾ നേരാൻ ഔട്ട്ലെറ്റിന് പുറത്ത് ഒരു കൂറ്റൻ മെയിൽ ബോക്സ് സ്ഥപിക്കുകയും ചെയ്തു കമ്പനി.

shuster

1994ൽ ഇർവിനിലെ മക് മാക് മ്യൂസിയത്തിൽ ജോലിക്ക് ചേരുമ്പോൾ 73 വയസായിരുന്നു ഷസ്റ്റർക്ക്. കമ്പനിയിൽ ഇപ്പോൾ 27 വർഷത്തെ സർവീസായി. ഔട്ട്ലെറ്റിൽ വരുന്നരെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ഷസ്റ്റർ അവർക്കൊപ്പം പാട്ടുപാടുകയും നൃത്തച്ചുവടുവയ്ക്കുകയൊക്കെ ചെയ്യും. അങ്ങനെയാണ് അവർക്ക് പ്രിയങ്കരിയായത്.

Content Highlights: McDonalds employee turns 100 and says she has no plans to quit