ലോകത്തെ ഏറ്റവും പ്രായം ചെന്ന യൂട്യൂബ് പാചക മുത്തശ്ശി മസ്താനമ്മയുടെ പാചക വിശേഷങ്ങൾ ഇനിയില്ല. ‌‌മോണകാട്ടി ചിരിച്ചുള്ള തന്റെ തനത് നാടൻ ശൈലിയിലുള്ള പാചകമാണ് മസ്താനമ്മ മുത്തശ്ശിയെ വേറിട്ടുനിർത്തിയത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയും 107 വയസുകാരിയുമായ പാചക മുത്തശ്ശി വാർദ്ധക്യസഹജമായ അസുഖത്തെതുടർന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുത്തശ്ശിയുടെ തണ്ണിമത്തൻ ചിക്കൻ കറിയും, ബിരിയാണിയുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു 

കണ്‍ട്രി ഫുഡ്‌സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തനത് നാടന്‍ വിഭവങ്ങള്‍ നാടന്‍ ശൈലിയില്‍ പാകം ചെയ്താണ് മസ്താനമ്മ ജനങ്ങളിലേക്കെത്തിയത്. 2016 ല്‍ ആരംഭിച്ച യുട്യൂബ് ചാനലിന് രണ്ട് വര്‍ഷം കൊണ്ട് തന്നെ പന്ത്രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. 

മസ്താനമ്മയുടെ തനത് പാചകശൈലിയാണ് ഇവരെ വേറിട്ടു നിര്‍ത്തുന്നത്. പ്രകൃതിയോട് ഇണങ്ങിയും ചുറ്റും ലഭിക്കുന്ന സുലഭമായ വസ്തുക്കളും ചേര്‍ത്താണ് മസ്താനമ്മയുടെ പാചക കൂട്ടുകള്‍ തയാറാക്കുന്നത്. ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം കത്തിയില്ലാതെ പൊളിച്ച് വൃത്തിയാക്കുന്നത്. കൂടാതെ പാചകം ആരംഭിക്കുന്നതിന് മുന്‍പ് പാത്രം അടുപ്പിന് ചുറ്റും വട്ടം ചുറ്റിച്ച ശേഷം മാത്രമാണ് ആരംഭിക്കുകയെന്നതടക്കം വ്യത്യസ്തത പുലർത്തിയാണ് പാചകവും. 

 2016 ല്‍ മസ്താനമ്മയുടെ അകന്ന ബന്ധുവായ കെ ലക്ഷമണും അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീനാഥ് റെഡ്ഡിയും ചേര്‍ന്നാണ് ഈ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇതില്‍ പ്രായം ചെന്ന മസ്താനമ്മ പാകം ചെയ്യുന്ന വഴുതനക്കറി പാകം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ഒരൊറ്റ വീഡിയോ ഏതാണ്ട് 75,000 ലധികം പേര്‍ കാണുകയായിരുന്നു. പിന്നീട് തുടരേ ഓരോ വിഭവങ്ങള്‍ തനത് ശൈലിയില്‍ തയാറാക്കുന്ന വീഡിയോ പോസ്റ്റു ചെയ്യുകയായിരുന്നു.

പതിനൊന്നാം വയസില്‍ വിവാഹിതയായ മസ്താനമ്മ ഇരുപത്തിരണ്ടാം വയസില്‍ വിധവയായി. പിന്നീട് വിവിധ ജോലികള്‍ ചെയ്ത് കുടുംബത്തിന്റെ ചുമതല മസ്താനമ്മ ഏറ്റെടുക്കുകയായിരുന്നു. അഞ്ച് മക്കളില്‍ ഒരാള്‍ മാത്രമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം തന്റെ നൂറ്റിയാറാം പിറന്നാൾ മസ്താനമ്മയുടെ ആരാധകര്‍ നല്‍കിയ പണം കൊണ്ട് ആഘോഷിച്ചിരുന്നു. 

Content Highights: Masthanamma 107year old Andhra Chef Popular Youtuber passes away