ഈ ലോക്ഡൗണ്‍ കാലം ഏറ്റവുമധികം കഠിനമാവുക സ്ത്രീകള്‍ക്കായിരിക്കും എന്ന വിധത്തില്‍ നിരവധി പേരാണ് അനുഭവങ്ങള്‍ പങ്കുവച്ചത്. മുഴുവന്‍ സമയവും വീട്ടിലിരിക്കുന്നതുകൊണ്ട് വീട്ടുജോലികളിലും മക്കളുടെ കാര്യങ്ങളിലും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുമെല്ലാം ഒരുപോലെ കണ്ണെത്തേണ്ടതുകൊണ്ട് കുടുംബത്തിനകത്ത് സ്ത്രീ പുരുഷന്‍ എന്ന വേര്‍തിരിവുകളില്ലാതെ തുല്യമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുകയാണ് ചെയ്യേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ത്രീവിരുദ്ധ ടിപ്‌സാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്.
ലോക്ഡൗണ്‍ കാലത്ത് പ്രശ്‌നമുഖരിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാന്‍ കുടുംബങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്നു പറഞ്ഞാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്ത്രീകള്‍ക്കായി ഇന്‍ഫോഗ്രാഫിക്‌സിലൂടെയാണ് വനിതാ കുടുംബ ക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ സമൂഹമാധ്യമ പേജിലൂടെ ഇന്‍ഫോഗ്രാഫിക്‌സ് സഹിതം ഉപദേശങ്ങള്‍ നല്‍കിയത്. പങ്കാളിയുമൊത്ത് തര്‍ക്കങ്ങളില്ലാതെ സന്തുഷ്ടകുടുംബം പാലിക്കാനുള്ള വഴികള്‍ എന്നു പറഞ്ഞാണ് ഇവ പങ്കുവച്ചത്.
തുണി വിരിച്ചിടുന്ന ദമ്പതികളുടെ ചിത്രത്തില്‍ ഭര്‍ത്താവിനെ ശല്യം ചെയ്യാതിരിക്കുക എന്നു കൊടുത്തപ്പോള്‍ മറ്റൊരു ചിത്രത്തില്‍ ഒരു പുരുഷനും സ്ത്രീ ജോലി ചെയ്യാന്‍ പറയുന്നത് ഇഷ്ടമല്ലാത്തതിനാല്‍ അവരോട് കുത്തുവാക്കുകളിലൂടെ സഹായം ചോദിക്കാതിരിക്കുക എന്നു നല്‍കിയിരിക്കുന്നു. മറ്റൊന്നില്‍ വീട്ടിലായാലും വര്‍ക് അറ്റ് ഹോം ആണെങ്കില്‍ കാഷ്വല്‍ വസ്ത്രം ധരിക്കാതെ സ്മാര്‍ട് ആയുള്ള വസ്ത്രവും മേക്അപ്പും ധരിക്കണമെന്നു പറയുന്നു, ഇതിനു കാരണവും പറയുന്നുണ്ട് വീട്ടിലായാലും സ്ത്രീകള്‍ എപ്പോഴും പ്രദര്‍ശിപ്പിക്കപ്പെടുന്നവരാണെന്ന് ആണത്. മറ്റൊന്നില്‍ പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറെമോനെ പോലെ ചിലയ്ക്കുന്ന ശബ്ദത്തില്‍ കുട്ടികളെപ്പോലെ സംസാരിക്കണം എന്നും പറയുന്നു.
#WomenPreventCOVID19 എന്ന ഹാഷ്ടാഗോടെയാണ് ഇവ പങ്കുവച്ചിരുന്നത്. എന്നാല്‍ മേക്അപ്പിടുന്നതും പുരുഷന്മാരെ ശല്യം ചെയ്യാതിരിക്കുന്നതുമൊക്കെ എങ്ങനെയാണ് കൊറോണ വൈറസിനെ തടയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു പറഞ്ഞ് വിമര്‍ശനപ്പെരുമഴയാണ് പോസ്റ്റിനു ലഭിച്ചത്. ഒറ്റനോട്ടത്തില്‍ത്തന്നെ സ്ത്രീവിരുദ്ധത വ്യക്തമാകുന്ന ഇത്തരം ടിപ്‌സ് ഒരു മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ കടന്നുകൂടിയതിനെ വിമര്‍ശിച്ച് നിരവധി വനിതാ സംഘടനകളും രംഗത്തെത്തി.
While dressing up to work is one way of maintaining discipline and a routine while working from home, the focus on LOOKS, DRESS, and MAKEUP is absolutely unnecessary.
— All Women’s Action Society (@AWAMMalaysia) March 31, 2020
Stop this sexist messaging @KPWKM and focus on #domesticviolence survivors who are at higher risk now! https://t.co/mU7nBqbkgk
വിമര്‍ശനങ്ങള്‍ കൊണ്ട് രക്ഷയില്ലാതെ വന്നതോടെ അധികൃതര്‍ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ടിപ്‌സ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രാലയം പ്രതികരിച്ചു. മലേഷ്യയിലെ വനിതാ മുന്നേറ്റം ഇത്രയ്ക്കും പിന്തിരിപ്പനായല്ലോ എന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്യുന്നത്.
Content Highlights: Malaysian Govt's Sexist Tips for Women During Coronavirus Lockdown