അമേരിക്കയില്‍ യുവ ഗവേഷകര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതി സ്വന്തമാക്കി മലയാളി ഗവേഷക ശ്രുതി നാരായണന്‍. അന്താരാഷ്ട്ര ഗവേഷണ രംഗത്ത് കാഴ്ചവയ്ക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ക്രോപ് സയന്‍സ് സൊസൈറ്റി ഓഫ് അമേരിക്ക റിസര്‍ച്ച് എന്ന ബഹുമതിയാണ് ശ്രുതി നേടിയത്. 

എടപ്പാളിനടുത്തുള്ള കുമരനെല്ലൂരിലെ റിട്ടയേഡ് അധ്യാപക ദമ്പതിമാരായ പി.കെ. നാരായണന്‍ കുട്ടിയുടെയും എ.കെ. ശ്രീദേവിയുടെയും മകളാണ് ശ്രുതി. 
 
2000 യു.എസ്. ഡോളറും(ഏകദേശം ഒന്നര ലക്ഷം രൂപ) പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന വരള്‍ച്ച, താപനില എന്നിവയെ അതിജീവിക്കുന്ന വിളകള്‍ വികസിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ സസ്യങ്ങളെ സഹായിക്കുന്ന ജീന്‍ കണ്ടെത്തി അവയെ സുസ്ഥിര കൃഷിക്ക് ഉപയോഗിച്ചാണ് ശ്രുതി ഇത് സാധ്യമാക്കിയത്. 

അമേരിക്കയിലെ ക്ലംസണ്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ശ്രുതി ഇപ്പോള്‍. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറള്‍ സയന്റിസ്റ്റ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. എന്റമോളജിസ്റ്റായ പ്രദീഷ് ചന്ദ്രനാണ് ശ്രുതിയുടെ ഭര്‍ത്താവ്. മിഴി സാവേരിയാണ് മകള്‍. 

കേരളാ കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശ്രുതി യു.എസിലെ കന്‍സാസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദാനന്തബിരുദവും ഡോക്ടറേറ്റും നേടിയത്.

Content highlights: malayalee researcher wins us's highest award, young researcher Sruthi Narayanan from kerala