കോയമ്പത്തൂർ: ദൂരെ മലനിരകൾക്കടിയിൽ ഒറ്റപ്പെട്ടുകിടന്ന റൊട്ടികൗണ്ടനൂരിന്റെ ശബ്ദം ഇപ്പോൾ പുറത്തറിഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും മാധ്യമപ്പടയും വർഷങ്ങൾക്കുശേഷം സംഘവിയെ കാണാൻ എത്തുകയാണ്. ഈ ജീവിതത്തിന്റെ കനലിൽ നിന്നും പുറംലോകം കാണുന്ന ആദ്യ തലമുറയിലെ ബിരുദധാരിയാവാൻ പോവുകയാണ് സംഘവി. ഈ ഗ്രാമത്തിലെ മലസർ ആദിവാസി വിഭാഗത്തിലെ ആദ്യ ഡോക്ടറാകാൻ പോകുന്ന പെൺകുട്ടി.

കോയമ്പത്തൂർ മധുക്കര തിരുമലയാംപാളയം പഞ്ചായത്തിലെ നഞ്ചപ്പനൂർ ഗ്രാമത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഇരുപതോളം കുടുംബങ്ങളിൽ ഒന്നാണ് സംഘവിയുടെ കുടുംബം. ദേശീയതലത്തിൽ ഇവർക്ക് 108 മാർക്കാണ് കട്ട് ഓഫ് വേണ്ടത്. സർക്കാർ സ്കൂളിലെ പാഠഭാഗങ്ങൾ മാത്രം പഠിച്ച് നീറ്റ് പരീക്ഷയിൽ 202 മാർക്ക് വാങ്ങി തമിഴ്നാടിനുതന്നെ അഭിമാനമായി മാറിയിരിക്കുകയാണ് സംഘവി എന്ന് സംഘവിയെ സന്ദർശിച്ച ആദിദ്രാവിഡ വകുപ്പ് മന്ത്രി കയൽവിഴി പറഞ്ഞു. കോയമ്പത്തൂരിലെ മാധ്യമപ്രവർത്തകരാണ് ആദ്യമായി ഒറ്റപ്പെട്ടുകിടക്കുന്ന ഈ ഗ്രാമത്തെപ്പറ്റി പുറംലോകത്തെ അറിയിച്ചത്. തുടരെയുള്ള വാർത്തകൾ കാരണമാണ് ഇവർക്കെല്ലാം സിമന്റിൽ പണിത വീട് ലഭിച്ചത്. രേഖകളിൽ പോലും ഇല്ലാതെ ആദിവാസി വിഭാഗമായി മാത്രം താമസിക്കുകയായിരുന്ന ഇവർക്ക് റേഷൻ കാർഡ്, ആധാർ, വോട്ടർ ഐ.ഡി. എന്നിവ ലഭിച്ചു. സർക്കാർ ഇവർക്ക് ഗതാഗതയോഗ്യമായ പാതയും വീടും സന്നദ്ധസംഘടനകൾ വഴി അടുത്തിടെയാണ് ലഭ്യമാക്കിയത്.

രണ്ടുവർഷം മുമ്പ് പിതാവ് മരിച്ചശേഷം അമ്മ വസന്ത കൂലിപ്പണിയെടുത്താണ് മകളെ പോറ്റിയത്. 2018-ൽ പ്ലസ് ടു പാസായി നീറ്റ് പരീക്ഷ എഴുതിയെങ്കിലും ആറ് മാർക്കിന് തോറ്റു. പിന്നീട് ചില മാധ്യമപ്രവർത്തകരുടെ സഹായത്തോടെ സൗജന്യമായി മാരി മെഡിക്കൽ അക്കാദമിയിൽ പഠനം തുടരുകയായിരുന്നു.

തമിഴ്നാട്ടിൽ തന്നെയുള്ള സർക്കാർ മെഡിക്കൽ കോളേജിൽ ഈ വർഷത്തെ പ്രവേശനത്തിന് അർഹയായ കാര്യം അറിഞ്ഞതുമുതൽ ഗ്രാമം ദേശീയശ്രദ്ധയിലായി. സന്നദ്ധസംഘടനകളുടെ ശ്രമഫലമായി ഇവരുടെ ഗ്രാമത്തിൽ സ്കൂളും തയ്യൽപരിശീലന ക്ലാസും നടന്നുവരുന്നുണ്ട്.

Content Highlights: malasar tribe First student from Malasar tribe in Tamil Nadu inspiring women