മഞ്ചേരി: വായ്പാറപ്പടി ദേവീനഗറിലെ ലക്ഷ്മീസദനം അതിമനോഹര നെറ്റിപ്പട്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു. വീട്ടമ്മ ജ്യോതിക്ക് ഈ നെറ്റിപ്പട്ടങ്ങൾ വെറും അലങ്കാര വസ്തുവല്ല. അഴകുള്ള ജീവിതം സമ്മാനിക്കുന്ന തൊഴിൽകൂടിയാണ്.

മഹാമാരിക്കാലത്ത് വീട്ടുജോലിക്കൊപ്പം അലങ്കാര നെറ്റിപ്പട്ടങ്ങൾ നിർമിച്ച് വരുമാനം കണ്ടെത്തുകയാണിവർ. പ്രീ-പ്രൈമറി അധ്യാപികയായിരുന്ന ജ്യോതി സ്കൂളിലെ ആഘോഷപരിപാടികൾക്കുവേണ്ടിയാണ് അലങ്കാരവസ്തുകൾ നിർമിച്ചുതുടങ്ങിയത്. പേപ്പർ, ഒഴിഞ്ഞ കുപ്പി, സിഡി, സോഡ ബോട്ടിലിന്റെ അടപ്പുകൾ, ഐസ്‌ക്രീം കപ് എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. ഇവയിൽ ഇവർ മനോഹരമായ വാൾ ക്ലോക്ക്, പൂക്കൊട്ട, ആമ, പൂമ്പാറ്റ, മാല എന്നിവയെല്ലാം തീർത്തു.

ജോലിയിൽനിന്ന് പിരിഞ്ഞെങ്കിലും അലങ്കാരവസ്തുക്കളുടെ നിർമാണം നിർത്തിയില്ല. കൗതുകത്തിനുവേണ്ടിയാണ് നെറ്റിപ്പട്ടനിർമാണം തുടങ്ങിയത്. യൂ ട്യൂബ് വീഡിയോകളിൽനിന്നായിരുന്നു പഠനം. നല്ല ഒരെണ്ണമുണ്ടാക്കി വീട്ടിൽ തൂക്കി. ഇത് കണ്ടവരിൽ പലരും പിന്നീട് ആവശ്യക്കാരായിവന്നു. ഇതോടെ ഇതേക്കുറിച്ച് കൂടുതൽ പഠിച്ചു.

നാട്ടുകാർക്കും മറുനാട്ടുകാർക്കുമായി ജ്യോതി ഇതിനകം അറുപതോളം നെറ്റിപ്പട്ടങ്ങൾ നിർമിച്ചുനൽകി. ഒന്നരയടി മുതൽ ആറടിവരെയുള്ള നെറ്റിപ്പട്ടങ്ങളാണ് ജ്യോതി നിർമിക്കുന്നത്. 950 രൂപ മുതൽ 8,050 രൂപവരെയാണ് വില. വീട്ടിലെ ഒഴിവുസമയങ്ങളിലാണ് നിർമാണം. ഒന്നരയടി നെറ്റിപ്പട്ടം നിർമിക്കാൻ രണ്ട് ദിവസമെടുക്കും. ആറടിക്ക് രണ്ടാഴ്ചയോളം സമയം വേണം. നെറ്റിപ്പട്ടനിർമാണം ഹരമായത് എങ്ങിനെയെന്ന ചോദ്യത്തിന് ജ്യോതിയുടെ മറുപടി ഇങ്ങനെ: ‘ഏറെ ക്ഷമവേണ്ട ജോലിയാണെങ്കിലും വളരെ ആസ്വദിച്ചാണ് ഞാനിത് ചെയ്യുന്നത്. ഉത്സവത്തിന് ആനച്ചമയമായി അണിയിക്കുന്ന നെറ്റിപ്പട്ടത്തിന് അറുപതിനായിരം തൊട്ട് ഒരുലക്ഷം രൂപവരെ ചെലവുവരും. ഇത്രയും തുക ഒരു സാധാരണ വീട്ടിലെ അലങ്കരത്തിന് ചെലവഴിക്കാനാവില്ല. ത്രിമൂർത്തികളും, മൂലഗണപതിയും, സപ്തമാതൃകളും, ലക്ഷ്മി, സരസ്വതി, പാർവതി, വിശ്വാമിത്രൻ, വിശ്വകർമ, അഷ്ടവസുകൾ, നവഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവ ശരിയായ വിധത്തിൽ ക്രമീകരിച്ചുള്ള ഫൈബർ നെറ്റിപ്പട്ടങ്ങൾ ചുരിങ്ങിയ ചെലവിലാണ് ആവശ്യക്കാർക്ക് നൽകുന്നത്. ഇത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്’.

നെറ്റിപ്പട്ടത്തോടൊപ്പം ആനച്ചമയത്തിൽ വരുന്ന തിടമ്പിന്റെ ചെറു രൂപങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് ജ്യോതി. ഭർത്താവ് നന്ദകുമാറും മക്കളായ വൈഷ്ണവും, വൈഷ്ണവിയും പിന്തുണയുമായി കൂടെയുണ്ട്. ഫോൺ: 9388788660.

Content highlights: malapuram native jyothi makes nettipattam