1990-കളില്‍ ബോളിവുഡ് സിനിമാലോകത്തെ നിറസാന്നിധ്യമായിരുന്നു മഹിമാ ചൗധരി. പര്‍ദേസ് എന്ന ആദ്യ ചിത്രത്തില്‍ ഷാറൂഖ് ഖാന്റെ നായികയായി. മോഡലിങ്ങിലൂടെയാണ് മഹിമ സിനിമയിലെത്തിയത്. ഇപ്പോള്‍ സിനിമയില്‍നിന്ന് മാറി നില്‍ക്കുന്ന നടി ബോളിവുഡ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെങ്ങനെയെന്ന് അടുത്തിടെ വിവരിക്കുകയുണ്ടായി.
 
തന്റെ ആദ്യകാല സിനിമാ അനുഭവങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ആരെങ്കിലുമായി നിങ്ങള്‍ ഡേറ്റിങ് ആരംഭിച്ച ആ നിമിഷം മുതല്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങും. കാരണം, അവര്‍ക്ക് കന്യകയായ, ആരും ചുംബിക്കാത്ത ആളുകളെയാണ് ആവശ്യം. നിങ്ങള്‍ ഡേറ്റിങ് നടത്തുകയാണെങ്കില്‍ അത് ഓ...അവള്‍ ഡേറ്റിങ്ങിലാണെന്ന രീതിയില്‍ പറയും. നിങ്ങള്‍ കല്യാണം കഴിച്ചെങ്കില്‍ നിങ്ങളുടെ കരിയര്‍ അവിടെ അവസാനിക്കും. നിങ്ങള്‍ക്കൊരു കുട്ടി കൂടി ഉണ്ടെങ്കില്‍ കരിയര്‍ പൂര്‍ണമായും അവസാനിച്ചതുപോലെയാണ്-മഹിമ പറഞ്ഞു. 

ഇപ്പോള്‍ വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകളെ ആളുകള്‍  സ്വീകരിച്ചു തുടങ്ങി. നേരത്തെ നടിമാരുടെ സ്വകാര്യജീവിതം ആഘോഷിക്കുകയായിരുന്നു. പ്രണയകഥാപാത്രം അഭിനയിക്കുന്നവര്‍ക്ക് അവര്‍ അമ്മയായതിന്റെയും വിവാഹം കഴിഞ്ഞതിന്റെയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാന്‍ കഴിയും. നടിമാര്‍ക്ക് കൂടുതല്‍ സ്വീകര്യത ലഭിച്ചു തുടങ്ങി. മെച്ചപ്പെട്ട വേതനവും പ്രോത്സാഹനവും ശക്തമായ സ്ഥാനവും ലഭിച്ചു. മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് ദീര്‍ഘകാലത്തേക്ക് സുരക്ഷിതമായ ജീവിതം നയിക്കാന്‍ കഴിയും-മഹിമ പറഞ്ഞു. 

എന്നാല്‍, തന്റെ കരിയറിന്റെ തുടക്കകാലത്ത് നടന്മാര്‍ തങ്ങളുടെ സ്വകാര്യ ജീവിതം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവരുടെ കുട്ടികളുടെ ചിത്രങ്ങള്‍ ഒരിക്കലും പുറത്തുവിടുമായിരുന്നില്ല. കാരണം, അവരുടെ പ്രായം മറ്റുള്ളവരെ അറിയിക്കാതിരിക്കാനായിരുന്നു അത്. ഒന്നെങ്കില്‍ തൊഴില്‍ അല്ലെങ്കില്‍ സ്വകാര്യജീവിതം എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍, ഇപ്പോള്‍ രണ്ടും കൂടെ ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയും. അവരുടെ സ്വകാര്യജീവിതത്തെക്കുറിച്ച് കൂടുതല്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിയും. മഹിമ വ്യക്തമാക്കുന്നു. 

Content highlights: mahima chaudhry they only wanted virgin in movies things have changed for women now