ആലത്തൂര്‍: ''എല്ലാം ദൈവാനുഗ്രഹം. ജനങ്ങള്‍ക്ക് നന്മമാത്രം ചെയ്യാന്‍ അവള്‍ക്ക് കഴിയട്ടെ'' - തമിഴ്‌നാടിന്റെ ഭരണചക്രം തിരിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ ഓഫീസ് ചുമതലയില്‍ നിയമിച്ച നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരില്‍ ഒരാളായ പാലക്കാട്ടുകാരി അനുജോര്‍ജിന്റെ പിതാവ് ജോര്‍ജ് മാത്യുവിന്റെ പ്രതികരണം ഇങ്ങനെ.

ആലത്തൂര്‍ കാവശ്ശേരി പാടൂര്‍ മെച്ചോട് മുണ്ടമറ്റത്തില്‍ ജോര്‍ജ് മാത്യുവിന്റെയും വത്സയുടെയും മകളാണ് ഈ ഉന്നതപദവിയിലെത്തിയ അനു ജോര്‍ജ്. തഞ്ചാവൂര്‍ അരിയല്ലൂര്‍ ജില്ലാ കളക്ടറായിരിക്കെ മികച്ച കളക്ടര്‍ക്കുള്ള പുരസ്‌കാരം നേടിയ അനു 2003 തമിഴ്നാട് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്.

താന്‍ ഒരു ഉദ്യോഗസ്ഥന്റെ മുന്നില്‍ ഒരാവശ്യത്തിന് ഇരിക്കുമ്പോള്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതാണ് തന്റെ മുന്നിലെത്തുന്നവരോട് തനിക്ക് ചെയ്യാനുള്ളതെന്നാണ് അനുവിന്റെ മനോഭാവമെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. ന്യായമായതെല്ലാം ചെയ്തുകൊടുക്കും. അന്യായമായതിനോടുള്ള പ്രതികരണം ശക്തവുമായിരിക്കും.

നിലവില്‍ തമിഴ്‌നാട് സ്മോള്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ഡയറക്ടറായി പ്രവര്‍ത്തിക്കയായിരുന്നു അനു. അരിയനല്ലൂര്‍ കളക്ടറായിരിക്കെ അങ്കണവാടി അധ്യാപകനിയമനത്തില്‍ ക്രമക്കേട് കാട്ടിയ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ശക്തമായ നടപടിയെടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു.

കോട്ടയം പാലാ പൂവരണിയിലാണ് അനുവിന്റെ കുടംബവീട്. പിതാവ് ജോര്‍ജ് മാത്യു 1971-ല്‍ എം.എസ്സി. ബിരുദം നേടിയശേഷം കുടുംബ ബിസിനസ്സും എസ്റ്റേറ്റും നോക്കിനടത്താന്‍ മലപ്പുറം നിലമ്പൂരിലേക്കുപോയി. വിവാഹശേഷം അവിടെ സ്ഥിരതാമസമായി. നിലമ്പൂരില്‍നിന്ന് തമിഴ്നാട് തെങ്കാശിയിലെത്തി തോട്ടംവാങ്ങി. 17 വര്‍ഷംമുമ്പ് ആലത്തൂര്‍ പാടൂര്‍ മെച്ചോട് സ്ഥിരതാമസമാക്കി.

നിലമ്പൂര്‍ ഫാത്തിമഗിരി സ്‌കൂളിലാണ് അനു നാലാംക്ലാസുവരെ പഠിച്ചത്. ഒറ്റപ്പാലം എല്‍.എസ്.എന്‍. സ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി. തിരുവനന്തപുരം വിമന്‍സ് കോളേജിലായിരുന്നു പ്രീഡിഗ്രിയും ബിരുദവും.

ഡല്‍ഹി ജെ.എന്‍.യു.വില്‍നിന്ന് എം.എ.യും എം.ഫില്ലും നേടി. ചെന്നൈ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍, അമ്പത്തൂര്‍ മുനിസിപ്പല്‍ കമ്മിഷണര്‍, പ്രോട്ടോക്കോള്‍ ഓഫീസര്‍, തമിഴ്നാട് സ്റ്റേറ്റ് ഷുഗര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭരണമികവിനും സത്യസന്ധതയ്ക്കുമുള്ള അംഗീകാരമാണ് സ്റ്റാലിന്‍ ഏല്‍പ്പിച്ച പുതിയ ദൗത്യം. ഇതിനിടെ ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തരപഠനം ചെയ്തു. ഐസനോവര്‍ ഫൗണ്ടേഷന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. അനുജോര്‍ജിന്റെ ഭര്‍ത്താവ് തോമസ് ജോസഫ് വടക്കന്‍ പാലാ സ്വദേശിയാണ്.

ചെന്നൈയില്‍ ഐ.ടി. ഉദ്യോഗസ്ഥനാണ്. മക്കളായ ആദിത്യ ചെന്നെയില്‍ ഒമ്പതാം ക്ലാസിലും ടെസ് ഏഴിലും പഠിക്കുന്നു. സഹോദരന്‍ അരുണ്‍ താജ് ഹോട്ടല്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനാണ്.

Content Highlights:  M.K. Stalin appointed malayali IAS officer to his office