അതിരപ്പിള്ളി: അന്‍പത് ശതമാനം വനിതാ സംവരണം എന്നു കേട്ടാല്‍ കോടശ്ശേരിക്കാര്‍ ചിരിക്കും. കാരണം, നൂറ് ശതമാനം വനിതാ ഭരണമാണ് തൃശ്ശൂര്‍ ജില്ലയിലെ ഈ പഞ്ചായത്തില്‍.
 
സ്ത്രീശാക്തീകരണത്തിന്റെ വിജയം ആഘോഷിക്കുന്ന കോടശ്ശേരിയില്‍ ഭരണനേതൃത്വം പൂര്‍ണ്ണമായും പെണ്‍കരങ്ങളിലാണ്. പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പുറമെ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് എന്‍ജിനിയറും വനിതകള്‍. തീര്‍ന്നില്ല, ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്ന ഡിവിഷനിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗവും സ്ത്രീകള്‍ തന്നെ.
 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണംചെയ്ത ഇവിടെ പ്രസിഡന്റായി എത്തിയത് ജനറല്‍ വാര്‍ഡില്‍നിന്നും പുരുഷന്മാരുമായി മത്സരിച്ച് ജയിച്ച ഉഷ ശശിധരന്‍ ആണെന്ന പ്രത്യേകതയുമുണ്ട്. കുടുംബശ്രീയിലൂടെ പ്രവര്‍ത്തിച്ച് കന്നിമത്സരത്തില്‍തന്നെ ജയിച്ച് പ്രസിഡന്റായതിന്റെ ആവേശത്തിലാണ് ഉഷ ശശിധരന്‍. സ്വയംതൊഴില്‍ നല്‍കി സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് പ്രസിഡന്റ് പറയുന്നു.
 
12ാം വാര്‍ഡ് കുറ്റിച്ചിറയില്‍നിന്ന് വിജയിച്ച ഷൈലജ ഗിരിജന്‍ ആണ് വൈസ് പ്രസിഡന്റ്. കാടുകുറ്റി സ്വദേശിനിയായ എം.കെ. ആനീസ് ആണ് പഞ്ചായത്ത് സെക്രട്ടറി. പഞ്ചായത്തിലെ അസി. എന്‍ജിനിയര്‍ റൂബി മാര്‍ക്ക് കാഞ്ഞിരപ്പിള്ളിക്കാരിയാണ്.  കോടശ്ശേരി പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ സല്‍ബി ജെയിംസ് (കുറ്റിച്ചിറ), കെ.കെ. സരസ്വതി (എലഞ്ഞിപ്ര), പുഷ്പി വില്‍സന്‍ (ചട്ടിക്കുളം) എന്നിവരാണ്. കോടശ്ശേരി ഉള്‍പ്പെടുന്ന അതിരപ്പിള്ളി ജില്ലാപഞ്ചായത്തംഗം സി.ജി. സിനിയും.
 
പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെന്‍സറി ഡോക്ടര്‍ വിജയലക്ഷ്മി, കൃഷി ഓഫീസര്‍ ഇന്‍ചാര്‍ജ് എം.ആര്‍. രാജി എന്നിവര്‍ കൂടി ചേരുന്നതോടെ വനിതാസംഘം പൂര്‍ത്തിയാകുന്നു.