സ്വന്തം വിവാഹത്തെക്കുറിച്ച് അഞ്ജു അഹം എന്ന ആലപ്പുഴക്കാരന്‍ കുറിച്ചത് ക്രിക്കറ്റ് ഭാഷയിലാണ്. 'ഓസ്ട്രേലിയക്കാരി ആയതുകൊണ്ട് ഇടയ്ക്ക് സ്ലെഡ്ജ് ചെയ്യും. അപ്പോ ഞാനങ്ങ് ദ്രാവിഡ് ആകും. ജീവിതം എന്ന വലിയ ടെസ്റ്റില്‍ ഞങ്ങള്‍ക്കു സമനിലയെങ്കിലും പിടിക്കണം'. ആലപ്പുഴ നഗരത്തില്‍ ഹോംസ്റ്റേ തുടങ്ങിയ ഈ 32-കാരന്‍ അവിടെ അതിഥിയായെത്തിയ അഡ്ലെയ്ഡുകാരി കെറി ബഡ്ഡ് എന്ന 30-കാരിയെ വിവാഹം കഴിച്ചത് ഒരു സിനിമയ്ക്കുപറ്റിയ കഥയാണ്; ഒരു ഇന്ത്യന്‍ പ്രണയകഥ.

2019 ഡിസംബറിലാണ് അഞ്ജു അഹം മുന്നോടി അമ്പലത്തിനു സമീപം ഹോംസ്റ്റേ തുടങ്ങിയത്. ആലപ്പുഴയിലെ ലൈസന്‍സുള്ള ഗൈഡാണ്. കഴിഞ്ഞവര്‍ഷം ജനുവരി നാലിനു കെറി എത്തി. നല്ല റിവ്യൂ കിട്ടാനായി എന്തിനും തയ്യാറായിനിന്നു. വരുമാനം കുറവായതിനാല്‍ എല്ലാ ജോലിയും തന്നെയാണ്.

നേപ്പാളില്‍ സോഷ്യല്‍ വര്‍ക്കില്‍ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞു കേരളത്തില്‍ ചെറിയ ഒരു പ്രോജക്ട് ചെയ്യാന്‍ എത്തിയതാണ് കെറി. രണ്ടുദിവസമേ ആലപ്പുഴയിലുള്ളൂ. ഒറ്റയ്ക്ക് ബീച്ചില്‍ പോകാന്‍ ഭയമായിരുന്നതിനാല്‍ കെറി അഞ്ജുവിനെക്കൂടി ക്ഷണിച്ചു. ഓസ്‌ട്രേലിയക്കാരെക്കുറിച്ചു മനസ്സിലാക്കിവെച്ചിരിക്കുന്നതൊന്നുമായിരുന്നില്ല കെറിയെന്ന് അഞ്ജു പറഞ്ഞു.

പിറ്റേന്ന് അവള്‍ക്കു തിരുവനന്തപുരത്തു പോകണം. ബസ് സ്റ്റാന്‍ഡില്‍ ഭയങ്കര തിരക്ക്. അപ്പോഴെത്തിയ സൂപ്പര്‍ ഫാസ്റ്റില്‍ ബാഗ് ജനലിലൂടെയിട്ട് സീറ്റ് ബുക്കുചെയ്യുന്ന 'ക്ലാസിക് കേരള ടെക്‌നിക്' കാണിച്ചു കൊടുത്തു. പിന്നീട്, കെറി ഗോവയിലേക്കും രാജസ്ഥാനിലേക്കും പോയെങ്കിലും ഇടയ്ക്കിടെ വിളിച്ചു.

ഓസ്ട്രേലിയയിലേക്കു മടങ്ങും മുന്‍പു കാണാന്‍ പറ്റുമോയെന്നു ചോദിച്ചു. നാട്ടില്‍ പീക്ക് സീസണായിട്ടും പോയിക്കണ്ടു. അപ്പോഴാണു രണ്ടുപേര്‍ക്കും പിരിയാന്‍ ബുദ്ധിമുട്ടായെന്നു മനസ്സിലായത്. വിമാന ടിക്കറ്റ് റദ്ദാക്കിയ കെറിയെ വീട്ടുകാര്‍ ശാസിച്ചു. ഇന്ത്യക്കാരെ വിശ്വസിക്കരുതെന്നു പറഞ്ഞു. അവള്‍ വഴങ്ങിയില്ല. രണ്ടുപേരും ഒരു മാസത്തോളം ഇന്ത്യയാകെ കറങ്ങി.

നാട്ടിലെത്തി വീട്ടുകാരെ സമ്മതിപ്പിച്ചു കല്യാണം കഴിക്കാമെന്നു പറഞ്ഞാണ് അവള്‍ പോയത്. തൊട്ടുപിന്നാലെ കോവിഡ് കാരണം ലോകമെങ്ങും വിമാനത്താവളങ്ങള്‍ അടച്ചു. വിസയ്ക്കായി അഡ്ലെയ്ഡ്, സിഡ്നി തുടങ്ങി അറിയാവുന്ന എല്ലാ കോണ്‍സുലേറ്റിലേക്കും ഓസ്ട്രേലിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കും മെയില്‍ അയച്ചു.

ഒന്‍പതുമാസത്തിനുശേഷം ഇന്ത്യ എന്‍ട്രി വിസ ഓപ്പണ്‍ ചെയ്തു. ഒരുമാസത്തിനകം കെറിക്ക് വിസ കിട്ടി. അഞ്ചുദിവസംമുന്‍പ് ഇരുവരും നിയമപരമായി വിവാഹിതരായി. അടുത്ത ആറുമാസം രണ്ടുപേരും മണാലിയിലായിരിക്കും. കെറിയുടെ വീട്ടുകാരെത്തുന്ന മുറയ്ക്കു ചെറുതായെങ്കിലും ഒരു വിവാഹച്ചടങ്ങ് ആലപ്പുഴയില്‍ നടത്തും. ഡി.വൈ.എഫ്.ഐ. മുല്ലയ്ക്കല്‍ യൂണിറ്റ് വൈസ് പ്രസിഡന്റു കൂടിയാണ് അഞ്ജു അഹം.

Content Highlights: love story of indian man and ausis girl, Anju Aham shared his life story