മലപ്പുറം: പത്രസമ്മേളനത്തില്‍ ആദിവാസികള്‍ക്കെതിരേ വി. അബ്ദുറഹിമാന്‍ എം.എല്‍.എ. നടത്തിയ വംശീയാധിക്ഷേപത്തില്‍ മാപ്പുപറയണമെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് കുരീരി മുതല്‍ മലപ്പുറം വരെ നടന്ന് ഒറ്റയാള്‍ പ്രതിഷേധം.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കുരീരി ആദിവാസിക്കോളനിയില്‍ താമസിക്കുന്ന ഷൈലജ മുപ്പാലിയാണ് കളക്ടര്‍ക്ക് പരാതിനല്‍കാന്‍ നടന്നെത്തിയത്.

വാക്‌യുദ്ധത്തില്‍ ജയിക്കാന്‍വേണ്ടി ഒരു ജനവിഭാഗത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച എം.എല്‍.എ. പറഞ്ഞത് പിന്‍വലിക്കണം. അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കാന്‍ തയ്യാറാല്ലെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കാനാണ് ഇത്തരമൊരു പ്രതിഷേധമെന്ന് അവര്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് തുടങ്ങിയ പ്രതിഷേധനടത്തം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കളക്ടറേറ്റില്‍ സമാപിച്ചത്.

കഴിഞ്ഞദിവസം തിരൂരില്‍ പ്രസ്‌ക്‌ളബ്ബിലാണ് സി. മമ്മൂട്ടി എം.എല്‍.എയ്‌ക്കെതിരേ പത്രസമ്മേളനം നടത്തുമ്പോള്‍ അബ്ദുറഹിമാന്‍ എം.എല്‍.എ. വിവാദ പരാമര്‍ശം നടത്തിയത്.

'വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍നിന്നുവന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങള്‍ ആദിവാസിക്കോളനിയില്‍നിന്ന് വന്നവരല്ല, തിരൂരില്‍ ജനിച്ചുവളര്‍ന്നവരാണ്. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെച്ചെന്ന് പഠിപ്പിച്ചാല്‍ മതി...'എന്നെല്ലാമായിരുന്നു പരാമര്‍ശം.

എം.എല്‍.എയുടെ ഈ പരാമര്‍ശത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധയാത്രയില്‍ പലയിടങ്ങളിലും ആളുകള്‍ കുടിക്കാന്‍ വെള്ളവും മറ്റു സൗകര്യങ്ങളും ചെയ്തുതന്നതായി ഷൈലജ പറഞ്ഞു. മലപ്പുറത്തെത്തിയപ്പോഴേക്കും തളര്‍ന്നു. കുന്നുമ്മലില്‍നിന്ന് വനിതാപോലീസുകാരുടെ സഹായത്തോടെയാണ് കളക്ടറേറ്റിലെത്തിയത്.

ഇത്തരമൊരു പരാതി ആദ്യമായാണ് താന്‍ നേരിടുന്നതെന്നും ഉചിതമായ നടപടി കൈക്കൊള്ളുമെന്നും കളക്ടര്‍ അറിയിച്ചതായി ഷൈലജ പറഞ്ഞു.

Content Highlights:  long walk against  racist remarks of MLA