കൊല്ലം : പൊയ്‌പോയ നല്ല കാലത്തിന്റെ ഓര്‍മകള്‍പോലെ ഈ വീട്. കാര്‍ പോര്‍ച്ച് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വീടാണെങ്കിലും മുറ്റവും തൊടിയും ഇപ്പോള്‍ കാടുകയറിക്കിടക്കുന്നു. 'ഈ വീട്ടില്‍ ആര്‍ക്കും പ്രവേശനമില്ല' എന്നതുള്‍പ്പെടെ, ചായം തേച്ച ചുവരിലാകെ കരിക്കട്ട കൊണ്ട് പലതും കോറിയിട്ടിരിക്കുന്നു. മനസ്സിന്റെ താളം തെറ്റിയ മൂന്നുപേരും രണ്ട് കുട്ടികളും ഉള്‍പ്പെടെ ആറംഗ കുടുംബം കഴിയുന്ന ഇവിടെ അപരിചിതരെ കാണുമ്പോള്‍ കുരച്ചുചാടുന്ന പട്ടിയുമുണ്ട്. ഇവര്‍ക്കൊപ്പം ഓരോ ദിവസവും തള്ളിനീക്കാന്‍ മാധുരിക്കു കൂട്ട് കഴിഞ്ഞുപോയ നല്ല ബാല്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രം.

ആരും ഇപ്പോള്‍ പോകാറില്ലെങ്കിലും, രാമന്‍കുളങ്ങരയിലെ 'ഹരിപുരം' ഇപ്പോള്‍ നാട്ടുകാര്‍ക്കൊരു നൊമ്പരക്കാഴ്ചയാണ്. നാട്ടുകാര്‍ എല്ലാ പൊതു ആവശ്യങ്ങള്‍ക്കും ആദ്യം ഓടിയെത്തിയിരുന്ന രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന ഹരിദാസന്‍ നായരുടെ വീടാണത്.

ഹരിദാസന്‍ നായരുടെ ഭാര്യ രാജമ്മയമ്മയുടെയും ഇളയമകള്‍ ആശയുടെയും മാനസികനില പൂര്‍ണമായും തകര്‍ന്നനിലയിലാണ്. മൂത്ത മകളാണ് മാധുരി. രാജമ്മയമ്മയും ആശയും ആശയുടെ എട്ടാം ക്ലാസുകാരനായ മകനും മാധുരിയുടെ മകനുമടങ്ങുന്ന ആറംഗ കുടുംബം ജോലിയൊന്നുമില്ലാത്ത മാധുരിയുടെ സംരക്ഷണത്തിലാണ് വര്‍ഷങ്ങളായി കഴിഞ്ഞുപോകുന്നത്. രാജമ്മയമ്മയ്ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. മാനസികനില തകരാറിലായ ഇയാളെ സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അമ്മയുടെയും സഹോദരിയുടെയും ദൈനംദിന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും മാധുരിയുടെ ചുമലിലാണ്. പ്രശ്‌നങ്ങള്‍ക്കിടയില്‍ പത്താം ക്ലാസ് കഴിഞ്ഞ മകന്റെ പഠനവും ചോദ്യച്ചിഹ്നമായിരിക്കുകയാണ്.

രാഷ്ട്രീയപ്രവര്‍ത്തകന്‍കൂടിയായിരുന്ന അച്ഛന്‍ ഹരിദാസന്‍ നായരുടെ മരണത്തോടെയാണ് ജീവിതം ഇത്രകണ്ട് കയ്‌പേറിയതായതെന്ന് മാധുരി പറയുന്നു. ആഹ്‌ളാദകരമായിരുന്നു ബാല്യകാലം. തുടര്‍ന്ന് ദുരിതങ്ങള്‍ ഓരോന്നായി വേട്ടയാടി. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി.

ഗര്‍ഭിണിയായിരുന്ന സമയത്ത് മാനസികപ്രശ്‌നങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്നാണ് സഹോദരി ആശയെ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടുവന്നു നിര്‍ത്തിയത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 'അച്ഛന്റെ സമയത്ത് പലര്‍ക്കും പണം കടം കൊടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ പലരും കബളിപ്പിച്ചു,' അവര്‍ പറഞ്ഞു.

ദൈനംദിനജീവിത്തിന് ഇവര്‍ക്കുമുന്‍പില്‍ മാര്‍ഗങ്ങളൊന്നുമില്ല. ഉടമസ്ഥതയിലുള്ള വസ്തു വില്‍പ്പന നടത്തുന്നതിനും രാജമ്മയമ്മയുടെ മനോനില വിലങ്ങുതടിയാണ്. അയല്‍ക്കാരുടെയും ചില ബന്ധുക്കളുടെയും സഹായംകൊണ്ടാണ് ഇങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കുന്നത്. നല്ല ചികിത്സ കിട്ടിയാല്‍ കുടുംബം രക്ഷപ്പെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Content Highlight: Life story of Madhuri Who strives for Live With Mentaly Disabled Family Members