ഒറിഗണ്‍: സ്വവര്‍ഗ ദമ്പതികള്‍ക്ക്  കേക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ വിസമ്മതിച്ച ബേക്കറി ഉടമകള്‍ 1,35,000 ഡോളര്‍ ദമ്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2013-ലാണ് കേസിനാസ്പദമായ സംഭവം. 

മെലിസ, ഏരണ്‍ ക്ലിന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വീറ്റ് കേക്ക്‌സ് എന്ന ബേക്കറിയാണ് സ്വവര്‍ഗ ദമ്പതികള്‍ക്ക് കേക്കുണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ചത്. തങ്ങളുടെ മതവിശ്വാസമനുസരിച്ച് ലെസ്ബിയന്‍ വിവാഹം അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇവരുടെ വാദം. അതിനാല്‍ തന്നെ കേക്കുണ്ടാക്കി നല്‍കാനാകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. 

ബേക്കറി ഉടമകളുടെ നടപടി ദമ്പതികളുടെ മനസ്സ് വേദനിപ്പിച്ചെന്നും മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചെന്നും കോടതി പറഞ്ഞു. മാത്രമല്ല ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം നിഷേധിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

വിധിക്കെതിരെ ഒറിഗണ്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബേക്കറി ഉടമകള്‍ അറിയിച്ചു. ഉടമകളുടെ നടപടി തങ്ങളെ മാനസികമായി ബലാത്കാരം ചെയ്തതിന് സമാനമാണെന്നായിരുന്നു ദമ്പതികളുടെ പ്രതികരണം.