പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും സന്ദേശം പകര്‍ന്ന ഒരു രൂപം.. ഇരട്ട സ്‌ഫോടനത്തിൽ തകര്‍ന്ന് തരിപ്പണമായ ബയ്‌റുത്തിന്റെ ഒത്തനടുക്ക് ഇത്തരമൊരു പ്രതിമ പണിയുമ്പോള്‍ ഹയാത് നാസര്‍ എന്ന ലെബനീസ് യുവതിക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. സ്‌ഫോടനത്തിൽ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ കൊണ്ടുതന്നെ ആ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ സൂചിപ്പിക്കുന്ന ഒരു പ്രതിമ അവള്‍ പണിതു. 

പാറിപ്പറക്കുന്ന മുടിയിഴകളും മുറിവേറ്റ മുഖവും ഉയര്‍ത്തിപ്പിടിച്ച ഒരു കൈയും കാല്‍ക്കീഴിലെ നിലച്ച ക്ലോക്കുമൊക്കെയാണ് പ്രതിമയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ വെറുതെ വച്ചൊരു ക്ലോക്കല്ല അതില്‍ നല്‍കിയിരിക്കുന്ന സമയത്തിനും ഒരു സന്ദേശം പകരാനുണ്ട്. ബയ്‌റുത്തിനെ ഞെട്ടിച്ചുകൊണ്ട് സ്‌ഫോടനം സംഭവിച്ച 6.8 എന്ന സമയമാണ് അതില്‍ കാണിച്ചിരിക്കുന്നത്. 

സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ട വീടുകളില്‍ നിന്നുള്ള വസ്തുക്കളാണ് പ്രധാനമായും പ്രതിമ നിര്‍മാണത്തിന് ഉപയോഗിച്ചത്. പ്രതിമയുടെ ഒരുവശം കൈ താഴേക്കിട്ട് മുറിപ്പാടുള്ള മുഖത്തോടെ കീഴടങ്ങിയ ഭാവത്തില്‍ നില്‍ക്കുന്ന സ്ത്രീയെയാണ് കാണിക്കുന്നതെങ്കില്‍ ബാക്കി പകുതി ഭാഗം ഉയര്‍ത്തിപ്പിടിച്ച കൈയും നടക്കാന്‍ തയ്യാറെടുത്ത കാലുകളും പോരാട്ടം തുടരാന്‍ ഉറപ്പിച്ച മനസ്സുമായി നില്‍ക്കുന്ന സ്ത്രീയുടേതാണ്. 

beirut

ബയ്‌റുത്ത് ഒരു സ്ത്രീയാണെന്ന തോന്നലാണ് തനിക്കുണ്ടായിരുന്നതെന്ന് മുപ്പത്തിമൂന്നുകാരിയായ ഹയാത് പറയുന്നു. കഷ്ടതകളെ അതിജീവിച്ച് കരുത്തയായി മുന്നേറാന്‍ പാകമായ സ്ത്രീ. അത്തരത്തില്‍ അതിജീവിക്കുന്നവര്‍ക്കെല്ലാം ശക്തിയും പ്രതീക്ഷയും പകരാന്‍ ഈ പ്രതിമയ്ക്ക് കഴിയട്ടെ എന്നാഗ്രഹിക്കുന്നുവെന്നും ഹയാത് പറയുന്നു. 

രണ്ടുമാസത്തോളമെടുത്താണ് ഹയാത് പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതുവരെയും തന്റെ സൃഷ്ടിക്ക് ഹയാത് പേരു നല്‍കിയിട്ടുമില്ല, അത് ജനങ്ങള്‍ നല്‍കട്ടെയെന്നാണ് ഹയാതിന്റെ ആഗ്രഹം. നേരത്തെയും വീടുകളുടെയും മറ്റും അവശിഷ്ടങ്ങളില്‍ നിന്ന് മനോഹരമായ രൂപങ്ങളുണ്ടാക്കി വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഹയാത്. 

ഇരുനൂറോളം പേരാണ് ബയ്‌റുത്തിലെ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. മൂന്നുലക്ഷത്തില്‍പരം പേര്‍ക്കാണ് വീട് നഷ്ടായത്. 1975-1990 കാലത്തെ അഭ്യന്തര യുദ്ധത്തിനുശേഷം ലെബനന്‍ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. 

Content Highlights: artist uses beirut blast debris to create inspiring sculpture