ബാലുശ്ശേരി: വീല്‍ച്ചെയറില്‍ തളച്ചിട്ട വിധിക്കുമുന്നില്‍ കരഞ്ഞിരിക്കാന്‍ നേരമില്ല ലയജയ്ക്ക്. നെറ്റിപ്പട്ടത്തിന്റെ വര്‍ണക്കൂട്ട് ജീവിതത്തിലും നിറമേകുമെന്ന പ്രതീക്ഷയോടെ വര്‍ണനൂലുകള്‍ക്കും മുത്തുകള്‍ക്കുമൊപ്പമാണ് ഈ യുവതിയിപ്പോള്‍. കോവിഡിനുമുമ്പ് ലയജയുണ്ടാക്കിയിരുന്ന വിത്തുപേനകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു.

യൂട്യൂബ് വഴിയാണ് നെറ്റിപ്പട്ടനിര്‍മാണം പഠിച്ചെടുത്തത്. തൃക്കണ്ണ് വെക്കുക, ഗണപതിക്കുവെക്കുക തുടങ്ങിയ സങ്കല്പങ്ങളും ചിട്ടവട്ടങ്ങളും ഫോണ്‍വഴി വിദഗ്ധരില്‍ല്‍നിന്ന് ചോദിച്ചറിഞ്ഞതോടെ ഒട്ടും മുന്‍പരിചയമില്ലാത്ത ജോലിയില്‍ ആത്മവിശ്വാസമായി. വീടുകളിലും സ്ഥാപനങ്ങളിലും മറ്റും അലങ്കാരമായി നെറ്റിപ്പട്ടങ്ങള്‍ ഇടംപിടിച്ചത് പ്രതീക്ഷയ്ക്ക് കരുത്തേകി. വിത്തുപേനകള്‍ക്ക് സമ്മേളനങ്ങളിലും പഠനക്ലാസുകളിലുമൊക്കെ സ്വീകാര്യതകിട്ടിയതോടെ ദൂരയിടങ്ങളില്‍നിന്നുപോലും ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. ചില സ്‌കൂളുകളും പ്ലാസ്റ്റിക് പേനകള്‍മാറ്റി വിത്തുപേനകള്‍ ഉപയോഗിച്ചുതുടങ്ങി. ഒരു പേനയ്ക്ക് ആറുരൂപയായിരുന്നു ഈടാക്കിയിരുന്നത്. കടലാസുകൊണ്ട് നിര്‍മിക്കുന്ന പേനയില്‍ പച്ചക്കറിയുടെയും പൂക്കളുടെയും വിത്തുകളാണ് നിറച്ചിരുന്നത്. വലിച്ചെറിയുന്ന പേനകള്‍ പ്രകൃതിയില്‍ വസന്തംവിരിയിക്കുന്ന മനോഹരമായ സ്വപ്നം കാണാറുണ്ടെന്നാണ് ഇതേക്കുറിച്ച് ലയജ പറയുന്നത്.

തലയാട് അലിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്താല്‍ കുടനിര്‍മാണത്തിലും പരിശീലനം നേടിയതോടെ അതും വരുമാനമാര്‍ഗമായി. വര്‍ഷം 600 കുടവരെയുണ്ടാക്കിയിരുന്നു.

കോവിഡ് കാലത്ത് കുടയ്ക്കും പേനയ്ക്കും ആവശ്യക്കാരില്ലാതായതോടെ വീല്‍ച്ചെയറിലിരുന്ന് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തയ്ച്ചുതുടങ്ങി. വീട്ടമ്മമാരും കുടുംബശ്രീ പ്രവര്‍ത്തകരുമൊക്കെ ആവശ്യക്കാരായുണ്ട്. നൈറ്റിയും കുട്ടികളുടെ വസ്ത്രങ്ങളുമാണ് കൂടുതലായും തയ്ക്കുന്നത്. വാട്സാപ്പിലൂടെ(+918129377541) ലഭിക്കുന്ന ഓര്‍ഡറുകളനുസരിച്ച് തപാല്‍, കൂറിയര്‍ സര്‍വീസുകള്‍ വഴിയും സാധനങ്ങള്‍ എത്തിക്കാറുണ്ട്. ഒന്നരവയസ്സില്‍ പോളിയോബാധിച്ചാണ് തലയാട് 25-ാം മൈല്‍ പേര്യമലയില്‍ ലയജയുടെ അരയ്ക്കുതാഴെ തളര്‍ന്നത്. ജീവിതം വീല്‍ച്ചെയറിലൊതുങ്ങിയെങ്കിലും വീട്ടിലിരുന്നു സ്വന്തമായി പഠിച്ച് ഏഴാംതരം തുല്യതാപരീക്ഷ വിജയിച്ചു. അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം ഒറ്റയ്ക്കുചുമക്കുന്ന അമ്മയ്ക്കു തണലാവണമെന്ന ആഗ്രഹമാണ് വിത്തുപേനകളായും നെറ്റിപ്പട്ടങ്ങളായും രൂപംമാറുന്നതെന്ന് ലയജ പറയുന്നു.

Content highlights: layaja thalayad polio survivor makes nettipattam handicrafts