പട്ടാമ്പി: ഭര്‍ത്താവില്‍നിന്നോ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍നിന്നോ ഉണ്ടായ പീഡനംമൂലം കേരളത്തില്‍ പത്തുവര്‍ഷത്തിനിടെ രജിസ്റ്റര്‍ചെയ്തത് 37,549 കേസുകള്‍. ഭര്‍ത്തൃവീട്ടില്‍ സ്ത്രീകള്‍ നേരിടുന്ന ക്രൂരതകളുടെപേരിലുള്ള പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐ.പി.സി.) 498എ വകുപ്പുപ്രകാരം ഇത്തരം കേസുകള്‍ രജിസ്റ്റര്‍ചെയ്യപ്പെടുന്നത്.
2020ല്‍മാത്രം (ഒക്ടോബര്‍വരെ) ഇതുമായി ബന്ധപ്പെട്ട് 2,181 കേസുകള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്തതായി പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ പറയുന്നു.
കോവിഡ് അടച്ചുപൂട്ടലില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചതായി അടുത്തിടെ ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. 2019ല്‍ ഇതുമായി ബന്ധപ്പെട്ട് 2,991 കേസുകളാണ് രജിസ്റ്റര്‍ചെയ്തിരുന്നത്. എന്നാല്‍, ഈവര്‍ഷം ഒക്ടോബര്‍വരെ രണ്ടായിരത്തിലധികം കേസുകള്‍ വന്നിട്ടുണ്ട്. രണ്ടുമാസത്തെ കണക്കുകള്‍കൂടി നോക്കുമ്പോള്‍ ഇത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതലായേക്കും. ഐ.പി.സി. 498എ വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരാതിയുടെ ഗൗരവമനുസരിച്ച് ഒരു പോലീസ് ഓഫീസര്‍ക്ക് കോടതിയുടെ അനുമതിയില്ലാതെതന്നെ പ്രതിയെ അറസ്റ്റുചെയ്യാനുമാകും.
ഇതുമായി ബന്ധപ്പെട്ട് 2011ല്‍ 5,377 കേസുകളാണെടുത്തത്. 2012ല്‍ 5,216 കേസുകളും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലുള്ള മര്‍ദനങ്ങളും ഐ.പി.സി. 498എ വകുപ്പിന്റെ പരിധിയില്‍പ്പെടും.
അതേസമയം, സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നുള്ള മരണങ്ങളുടെ കണക്ക് രണ്ടുവര്‍ഷമായി കുറഞ്ഞിട്ടുണ്ട്. 2020ല്‍ അഞ്ച് മരണങ്ങളാണ് ഈ വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2019ല്‍ ഇത് ആറായിരുന്നു.
Content Highlights: last ten years 37,549 domestic violence cases were registered in Kerala