ന്ത്യയിലെ ആദ്യത്തെ വനിതാ പ്രൈവറ്റ് ഡിറ്റക്ടീവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന രജനി പണ്ഡിറ്റിനെ മഹാരാഷ്ട്രയിലെ താനെയില്‍ പോലീസ് അറസ്റ്റുചെയ്തു. അനധികൃത മാര്‍ഗങ്ങളിലൂടെ വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയ കേസിലാണ് അറസ്റ്റ്. കുറ്റാന്വേഷണ മികവിന്റെപേരില്‍ പലവട്ടം മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുള്ള രജനി പണ്ഡിറ്റ് (54) ഇതിനകം 7,500 കേസുകള്‍ അന്വേഷിച്ചുതെളിയിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.

ടെലിഫോണ്‍ സംഭാഷണരേഖകള്‍ ചോര്‍ത്തിയെടുത്ത് വിറ്റതിന് അറസ്റ്റിലായ നാല് സ്വകാര്യ ഡിറ്റക്ടീവുമാരില്‍നിന്നു കിട്ടിയ വിവരമനുസരിച്ചാണ് അന്വേഷണം രജനിയിലേക്ക് നീണ്ടത്. തങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ടെലിഫോണ്‍ രേഖകള്‍ വന്‍വില നല്‍കി രജനി പണ്ഡിറ്റ് വാങ്ങാറുണ്ടെന്നായിരുന്നു അറസ്റ്റിലായവരുടെ മൊഴി. ഇതു ശരിയാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്നാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് താനെ പോലീസ് മേധാവി പരം ബീര്‍ സിങ് അറിയിച്ചു. ശനിയാഴ്ച താനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രജനി പണ്ഡിറ്റിനെ ഫെബ്രുവരി ഏഴുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

രജനി പണ്ഡിറ്റ് ഡിറ്റക്ടീവ് സര്‍വീസെന്ന ഒരു സ്വതന്ത്ര കുറ്റാന്വേഷണ സംഘം 26 വര്‍ഷത്തിലേറെയായി ഇവര്‍ നടത്തിക്കൊണ്ടു പോകുന്നു. 1991 മുതലുള്ള കാലയളവില്‍ 75,000 കേസുകളാണ് ഇവര്‍ തീര്‍പ്പാക്കിയത്. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന ശാന്താറാം പണ്ഡിറ്റായിരുന്നു രജനിയുടെ അച്ഛന്‍. മഹാത്മാഗാന്ധി വധക്കേസ് അന്വേഷണവുമായി അദ്ദേഹം ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. കുട്ടിയായിരുന്നപ്പോള്‍ തന്നെ അച്ഛന്‍ അന്വേഷിക്കുന്ന കേസുകളെപ്പറ്റി രജനി സംശയങ്ങള്‍ ചോദിക്കുമായിരുന്നു.

സ്‌കൂളില്‍ പോയിത്തുടങ്ങിയപ്പോള്‍ മദ്യപാനത്തിന്റെയും, മയക്കുമരുന്നുപയോഗത്തിന്റെയും വലയിലകപ്പെടുന്ന സ്വന്തം സഹപാഠികളെക്കുറിച്ച് അന്വേഷിച്ച് അവരുടെ വീടുകളില്‍ അറിയിച്ചായിരുന്നു രജനിയുടെ ഡിറ്റക്ടീവ് ജീവിതത്തിന്റെ തുടക്കം. കോളേജില്‍ വച്ച് സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട ഒരു സഹപാഠിയെക്കുറിച്ച് അന്വേഷിച്ച് കണ്ടെത്തി രക്ഷപ്പെടുത്തിയപ്പോളാണ് തന്റെ പ്രവര്‍ത്തന മേഖല ഇതാണെന്ന് രജനി തീരുമാനിക്കുന്നത്. ഒരു സ്ത്രീ ഡിക്റ്റക്റ്റീവായി തിരിക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു അതുകൊണ്ടുതന്നെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികള്‍ ഇവര്‍ നേരിട്ടു.

ഒരു നല്ല ഡിറ്റക്ടീവാകാന്‍ വേണ്ടത് വിദ്യാഭ്യാസത്തേക്കാളുപരി ശ്രദ്ധയും, കഠിനാധ്വാനം ചെയ്യാനുള്ള മനസും, അര്‍പ്പണ ബോധവുമാണെന്നായിരുന്നു രജനിയുടെ അഭിപ്രായം. 1991 ലാണ് മുംബൈയിലെ മാഹിമില്‍ രജനി ഡിറ്റക്ടീവ് ഏജന്‍സി സ്ഥാപിക്കുന്നത്. 2010 ആയപ്പോളേക്കും ഒരു മാസം 20ല്‍ അധികം കേസുകള്‍ കൈകാര്യം ചെയ്യുന്ന 30ല്‍ അധികം ജോലിക്കാരുള്ള ഒരു സ്ഥാപനമായിത് മാറി. വീടുകളിലെ പ്രശ്‌നങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ മുതല്‍ കൊലപാതകം വരെയുള്ള കേസുകള്‍ ഇവര്‍ കൈകാര്യം ചെയ്തിരുന്നു.

ധൈര്യമാണ് രജനിയുടെ ആയുധം. കേസന്വേഷണത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ വേലക്കാരിയുടെ വേഷത്തില്‍ ആറ് മാസത്തോളം രജനി താമസിച്ചിട്ടു പോലുമുണ്ട്. സ്വന്തം മകനെ തട്ടിക്കൊണ്ടുപോയി മകനെ കാണാനില്ലെന്നു പോലീസില്‍ കള്ള പരാതി നല്‍കിയ ഒരു സ്ത്രീയുടെ വീട്ടിലാണ് രജനി വേലക്കാരിയായി അഭിനയിച്ചത്. 

അന്ധ, ഗര്‍ഭിണി, ബധിര, വേലക്കാരി, ഭ്രാന്തി എന്നിങ്ങനെ തന്റെ കുറ്റാന്വേഷണ ജീവിതത്തിനിടയില്‍ രജനി വേഷങ്ങളില്ല. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കാന്‍ ദൂരദര്‍ശന്‍ നല്‍കുന്ന ഹിര്‍ക്കനി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ രജനിയെത്തേടിയെത്തിയിട്ടുണ്ട്. പുരസ്‌കാരങ്ങളേക്കാളുപരി തന്നെ കേസേല്‍പ്പിക്കുന്നവരുടെ വിശ്വാസമാണ് മുന്‍പോട്ടു തന്നെ നയിക്കുന്നതെന്ന് ഒരിക്കല്‍ രജനി പറഞ്ഞിട്ടുണ്ട്.