മന മൃഗങ്ങളെ തട്ടിക്കൊണ്ടുപോയ വിഷമത്തിലാണ് നടിയും ഗായികയുമായ ലേഡി ഗാഗ. ഇപ്പോഴിതാ അവയെ കണ്ടെത്തുന്നവര്‍ക്ക് മോഹിപ്പിക്കുന്ന പ്രതിഫലമാണ് ലേഡി ഗാഗ വാഗ്ദാനം ചെയ്തിരിക്കുന്നത്. മോഷ്ടിക്കപ്പെട്ട തന്റെ വളര്‍ത്തുനായ്ക്കളെ കണ്ടെത്തുന്നവര്‍ക്ക് ഒന്നുംരണ്ടുമല്ല മൂന്നരക്കോടിയാണ് ലേഡി ഗാഗ വാഗ്ദാനം ചെയ്തത്. 

തന്റെ പ്രിയപ്പെട്ട നായ്ക്കളായ കോജിയും ഗുസ്താവും രണ്ടു ദിവസം മുമ്പ് നഷ്ടമായെന്നും ഹൃദയം വേദനിക്കുന്നുവെന്നുമാണ് ലേഡി ഗാഗ കുറിച്ചത്. അവയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം ഡോളര്‍ അഥവാ മൂന്നരക്കോടിയിലേറെ നല്‍കുമെന്നാണ് ലേഡി ഗാഗ പറയുന്നത്. അവയെ എവിടെ വച്ചെങ്കിലും കാണുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കിലും തിരിച്ചെത്തിക്കുന്നവര്‍ക്ക് ഈ തുക നല്‍കുമെന്ന് താരം പറയുന്നു. 

നായ്ക്കളുടെ പരിചാരകനായ റയാന്‍ ഫിഷറിനെ വെടിവച്ച് വീഴ്ത്തിയാണ് അപരിചിതന്‍ നായ്ക്കളെ തട്ടിക്കൊണ്ടുപോയത്. ജീവന്‍ പണയം വച്ചും തന്റെ നായ്ക്കളെ രക്ഷിക്കാന്‍ ശ്രമിച്ച റയാന് നന്ദി പറയുന്നുമുണ്ട് ലേഡി ഗാഗ. നായ്ക്കളുടെ ചിത്രം സഹിതമാണ് ലേഡി ഗാഗ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 

ഫ്രഞ്ച് ബുള്‍ഡോഗ് ഇനത്തില്‍പെട്ട നായകളാണ് ലേഡി ഗാഗയുടേത്. വളരെയധികം വിലമതിക്കുന്ന ഇവയെ മനപ്പൂര്‍വം അപകടത്തിലാക്കിയതായിരിക്കും എന്നാണ് നിലവിലെ നിഗമനം. ലോസ്ആഞ്ചലീസ് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlights: Lady Gaga Offers $500,000 For Stolen Dogs