കുമ്പളങ്ങി: കുമ്പളങ്ങിയെ നാപ്കിൻ രഹിത പഞ്ചായത്താക്കുകയാണ് 'തിങ്കൾ' എന്ന പേരിൽ എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് നടപ്പാക്കിയ പദ്ധതി വഴി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രകാരം കുമ്പളങ്ങി പഞ്ചായത്തിലെ 5000 -ത്തോളം സ്ത്രീകൾക്ക് മെൻസ്ട്രുവൽ കപ്പുകൾ നൽകി. കപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിച്ചു.

അഞ്ചുവർഷം വരെ പുനരുപയോഗിക്കാൻ കഴിയുന്ന കപ്പുകളാണ് തയ്യാറാക്കിയിട്ടുള്ളത്. മെഡിക്കൽ ഗ്രേഡ് സിലിക്കോൺ കൊണ്ട് നിർമിച്ചതാണ് ഈ കപ്പുകൾ. പരിസ്ഥിതിക്കും മനുഷ്യശരീരത്തിനും ഒരു ദോഷവും ഉണ്ടാക്കുന്നില്ലെന്നതാണ് ഈ കപ്പുകളുടെ സവിശേഷത. രാസവസ്തുക്കളുടെ സാന്നിധ്യവുമില്ല. ഇത്തരം കപ്പുകൾ ഉപയോഗിക്കുകവഴി സാനിറ്ററി നാപ്കിനുകളുടെ ഉപയോഗം, അതുവഴിയുള്ള മാലിന്യവും വലിയരീതിയിൽ കുറയും.

അഞ്ചുവർഷംകൊണ്ട് ജില്ലയിൽ ഏതാണ്ട് 400 ടൺ മാലിന്യത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, നാപ്കിന് വേണ്ടി ചെലവാക്കുന്ന ഏതാണ്ട് 40 ലക്ഷം രൂപയോളം ലാഭിക്കാനും കഴിയും.

പ്രളയകാലത്ത് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ട വലിയപ്രശ്നം സാനിറററി നാപ്കിനുകളുടെ നിർമാർജനമായിരുന്നു.

ആസമയത്ത് എച്ച്.എൽ.എൽ. ലൈഫ് കെയറിന്റെ നേതൃത്വത്തിൽ നാപ്കിൻ നശിപ്പിക്കുന്നതിന് ഇൻസിനറേറ്ററുകൾ ക്യാമ്പുകളിൽ എത്തിച്ചിരുന്നു.

എന്നാലും സാനിറററി നാപ്കിൻ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് മെൻസ്ട്രുവൽ കപ്പ് എന്ന ആശയം എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് മുന്നോട്ടുവച്ചത്. പദ്ധതി വ്യാപകമാകുന്നതോടെ, നാപ്കിന്റെ ഉപഭോഗം പൂർണമായും ഒഴിവാകും. നാപ്കിൻ മാലിന്യത്തിന്റെ പ്രശ്നവുമുണ്ടാകില്ല. ഇതുവഴി സാമ്പത്തിക നേട്ടവുമുണ്ടാകും.

എച്ച്.എൽ.എൽ. ലിമിറ്റഡിലെ ഡോ. റെജി കൃഷ്ണ, ഡോ. കൃഷ്ണ, ആഷിഷ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കുള്ള ബോധവത്‌കരണ പരിപാടികൾ 17 വാർഡുകളിലായി ഒരുമാസമായി നടന്നുവരികയായിരുന്നു.

Content highlights: kumbalangi becomes a napkin free panchayat, women were given menstrual cups