കൊച്ചി: ഇനി ആവര്‍ത്തിക്കരുത്, നിശ്ശബ്ദ സഹനങ്ങള്‍ വെടിഞ്ഞു പ്രതികരിക്കുക. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമ വാര്‍ത്തകളും ഗാര്‍ഹിക പീഡന കേസുകളും കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീയും. 2020 മുതല്‍ 2021 ജൂണ്‍ വരെ കുടുംബശ്രീയുടെ സ്‌നേഹിത ഹെല്‍പ് ലൈനില്‍ മാത്രം ലഭിച്ചത് 221 ഗാര്‍ഹിക പീഡന പരാതികളാണ്.സ്ത്രീധന പ്രശ്‌നങ്ങള്‍, മാനസിക-ശാരീരിക പീഡനങ്ങള്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങളാണ് സ്‌നേഹിത ഹെല്‍പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2013-14 വര്‍ഷത്തില്‍ 180 കേസുകളാണ് ഈ വിഭാഗത്തിലെത്തിയത്. 2014-2015 ലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് - 269. തുടര്‍ന്ന് 2017-2018 ല്‍ 245 കേസുകളാണുണ്ടായത്. 2020-2021-ല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 221 കേസുകളാണ്. 2013 മുതല്‍ 2021 വരെ ആകെ 1560 ഗാര്‍ഹിക പീഡന കേസുകളാണ് സ്‌നേഹിതയില്‍ എത്തിയത്.

ഗാര്‍ഹിക പീഡനകേസുകള്‍

  • 2013- 180
  • 2014- 269
  • 2015- 42
  • 2016- 145
  • 2017- 245
  • 2018- 56
  • 2019- 202
  • 2020- 191
  • 2021-  ഇതുവരെ 30
  • ആകെ- 1560

തെറ്റായ കാഴ്ചപ്പാടുകള്‍, വ്യാപക ബോധവത്കരണം

സമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്നതിന് 'മുറുകുന്ന കുരുക്കുകള്‍' എന്ന പേരില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് വെബിനാര്‍ തുടങ്ങി. സി.ഡി.എസ്., എ.ഡി.എസ്., അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചാരണം നടത്തി. സ്ത്രീകള്‍ക്ക് ഹ്രസ്വകാല താമസം, ഭക്ഷണം, കൗണ്‍സലിങ്, നിയമ സഹായം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സ്ത്രീധന മരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരേ നടക്കുന്ന എല്ലാ വിവേചനങ്ങളും തടയാന്‍ വ്യാപക ബോധവത്കരണമാണ് കുടുംബശ്രീ നടത്തുന്നത്. ഈ വിഷയം മുന്‍നിര്‍ത്തി സ്ത്രീകളും പുരുഷന്മാരും ഇതിനെതിരേ പ്രതിജ്ഞയെടുക്കുമെന്നു കുടുംബശ്രീ അധികൃതര്‍ അറിയിച്ചു. ഈ പ്രതികരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുടുംബശ്രീ പ്രചരിപ്പിക്കും. സ്ത്രീകളുടെ എല്ലാത്തരം പ്രശ്‌നങ്ങള്‍ക്കും സ്‌നേഹിതയുടെ സൗജന്യ സേവനം ലഭ്യമാണ്. സ്‌നേഹിത ടോള്‍ ഫ്രീ നമ്പര്‍: 1800 4255 5678

Content Highlights: Kudumbashree launches campaigns to support female victims of domestic abuse