കൊട്ടാരക്കര : കെ.എസ്.ആർ.ടി.സി.യിലെ ഏക വനിതാ ഡ്രൈവർ ഷീലയെ തെക്കൻകേരളത്തിലെ റോഡുകളിലും ഇനി കാണാം. പെരുമ്പാവൂരിൽനിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കു സ്ഥലംമാറ്റപ്പെട്ട ഷീല ആണുങ്ങൾമാത്രം വളയംപിടിച്ചിരുന്ന കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടിൽ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും ഓടിച്ചുതുടങ്ങി. ദേശിങ്ങനാടിന്റെയും തലസ്ഥാന നഗരിയുടെയും രാജപാതകളിൽ ആനവണ്ടിയുടെ സാരഥിയായി ഷീലയെകാണാം.

കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങൾക്കുമുൻപാണ് കൊട്ടാരക്കരയിലേക്കു സ്ഥലംമാറ്റിയത്. 2013-ലാണ് കോതമംഗലം ചെങ്ങനാൽ കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടിൽ ഷീല കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറാകുന്നത്.

എം.പാനൽഡായി മുൻപ്‌ ചില വനിതാ ഡ്രൈവർമാർ ഡിപ്പോയിൽ ഉണ്ടായിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി.യിലെ ആദ്യ സ്ഥിരം ഡ്രൈവർ ഷീലയായിരുന്നു.

ഡ്രൈവിങ് സ്കൂളിൽ പരിശീലകയായിരുന്ന ഷീലയ്ക്ക് സ്വകാര്യബസുകൾ ഓടിച്ചുള്ള പരിശീലനവും ഡ്രൈവർമാരായ സഹോദരന്മാരുമാണ് കെ.എസ്.ആർ.ടി.സി.യിൽ ചേരാൻ പ്രേരകമായത്.

ഇരുനൂറു കിലോമീറ്ററുകൾക്കപ്പുറത്തേക്കു സ്ഥലംമാറ്റുമ്പോൾ, വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം സ്വന്തം ജില്ലയിലെ ഡിപ്പോകളിൽ ഒതുങ്ങണമെന്ന മാനദണ്ഡവും മേലുദ്യോഗസ്ഥർ മറന്നു.

കെ.എസ്.ആർ.ടി.സി.യിലെ ഡ്രൈവർ ജോലി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ഷീല പറയുന്നു. ആവശ്യപ്പെടുന്നിടത്തു ബസ് നിർത്തിയില്ലെങ്കിൽ ചിലരുടെ മോശം പെരുമാറ്റം ഉണ്ടായിട്ടുള്ളതുമാത്രമാണ് ദുരനുഭവങ്ങൾ. കൊട്ടാരക്കരയിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ കാരണം അറിയില്ലെങ്കിലും ജോലിയിൽ ഷീല സജീവമായി. കൊട്ടാരക്കര ഡിപ്പോയിൽ സ്വസ്ഥമായി വിശ്രമിക്കാൻ ഇടമില്ല എന്നതുമാത്രമാണ് ഷീലയുടെ ഏക പരാതി.

Content Highlights: ksrtc driver sheela transfered to kottarakkara dippo