കുളനട: കുഞ്ഞായിരിക്കുമ്പോള്‍ വലിയുമ്മ ഉമ്മച്ചി കണ്ണാ...എന്ന് സ്നേഹത്തോടെ നീട്ടിവിളിക്കുമ്പോള്‍ കണ്ണനെക്കുറിച്ചുള്ള കഥകള്‍ അന്യമായിരുന്നു. പിന്നീട് അതുകേട്ട് വീട്ടുകാരെല്ലാം കണ്ണാ... എന്ന് വിളിക്കുമ്പോള്‍ ഈ പേരിന് ഇത്ര മധുരമുണ്ടാകുമെന്നും കണ്ണന്‍ തന്റെ ജീവിതത്തിലെ ഭാഗ്യവും പുറംലോകം തന്നെ അറിയുവാന്‍ കാരണമാകുമെന്നും ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ വരച്ച് ക്ഷേത്രങ്ങള്‍ക്ക് സമ്മാനിക്കുന്ന ജെസ്ന കരുതിയില്ല. ചിത്രങ്ങളില്‍ മാത്രം കണ്ണന്റെ രൂപം കണ്ടിരുന്ന ജെസ്നയ്ക്ക് കൃഷ്ണവിഗ്രഹം നേരില്‍ കാണാനുള്ള ഭാഗ്യം ലഭിച്ചത് ഞായറാഴ്ച കുളനട ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴാണ്.

മറ്റ് ക്ഷേത്രങ്ങളില്‍ സാധിക്കാതിരുന്ന ആഗ്രഹം ഉളനാട്ടില്‍ സാധ്യമായതിന്റെ സന്തോഷത്തിലാണ് ജെസ്ന. ജീവിതത്തിലാദ്യമായി കൃഷ്ണവിഗ്രഹം നേരില്‍ കണ്ടതിന്റെ സന്തോഷവും ആശ്ചര്യവും ജെസ്നയുടെ കണ്ണുകളില്‍ കാണാമായിരുന്നു. കോഴിക്കോട് കൊയിലാണ്ടി പുളിയിരിക്കുന്നത്ത് സലീമിന്റെ ഭാര്യ ജെസ്ന ചിത്രകാരിയല്ല.

എന്നാല്‍ കൃഷ്ണന്റെ പല രൂപത്തിലുള്ള ചിത്രം മാത്രം വളരെ ഭംഗിയായി വരയ്ക്കും. കണ്ണനുമായുള്ള ബന്ധത്തിനും ജസ്നയ്ക്ക് ഒരു കഥയുണ്ട്. ആറുവര്‍ഷം മുമ്പ് പേപ്പറില്‍ അവിചാരിതമായി കണ്ട കൃഷ്ണന്റെ ചിത്രം വരച്ചുനോക്കി ഭംഗി തോന്നിയപ്പോള്‍ അത് വീടിനടുത്തുള്ള നമ്പൂതിരി കുടുംബത്തിലെ വിശേഷത്തിന് സമ്മാനമായി നല്‍കി. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജസ്ന, കൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന കലാകാരിയായി. ഗുരുവായൂരിലും മറ്റ് ക്ഷേത്രങ്ങളിലുമെല്ലാം പുറത്തുനിന്ന് ചിത്രം സമര്‍പ്പിച്ച് മടങ്ങുകയായിരുന്നു പതിവ്.

ശ്രീകോവിലിന്റെ നേരെ മുന്നില്‍നിന്ന് താന്‍ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം സമര്‍പ്പിക്കാനായത് ഉളനാട്ടിലെ ഓടക്കുഴലൂതി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്റെ മുമ്പിലാണ്. ക്ഷേത്ര ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് ക്ഷേത്രത്തിലെത്തിയ ജെസ്ന, കണ്ണന്‍ വെണ്ണതിന്നുന്ന ചിത്രം നടയില്‍ സമര്‍പ്പിച്ചശേഷമാണ് ശ്രീകൃഷ്ണ വിഗ്രഹം കണ്ടത്. വെണ്ണ നിറച്ച ഉറി കണ്ണന് സമര്‍പ്പിച്ചശേഷം മേല്‍ശാന്തി വിഷ്ണുനമ്പൂതിരി നല്‍കിയ പ്രസാദവും തുളസിമാലയും കദളിപ്പഴവും സ്വീകരിച്ച് ദക്ഷിണയും നല്‍കി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ഉളനാട് ഹരികുമാര്‍, സെക്രട്ടറി അജിത് കുമാര്‍, ട്രഷറര്‍ അനില്‍ എന്നിവര്‍ ജെസ്നയെ സ്വീകരിച്ചു.

ഇസ്ലാം മത വിശ്വാസിയാണെങ്കിലും കൃഷ്ണ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ ഭര്‍ത്താവുള്‍പ്പെടെ ഭൂരിഭാഗം ആളുകളും തനിക്ക് പിന്തുണയാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ വരച്ച ചിത്രം സമ്മാനമായി നല്‍കുകയെന്നതാണ് വലിയ ആഗ്രഹമെന്നും ജസ്ന പറഞ്ഞു.

Content Highlights: kozhikode native jesna draw picture of krishna dedicted at kulanada temple