കൊച്ചി: കറുത്ത വേഷത്തില്‍ മുഖം മൂടിയണിഞ്ഞാണ് അവര്‍ സദസ്സിനു മുന്നിലേക്കെത്തിയത്; സ്ത്രീസമത്വത്തെക്കുറിച്ച് സംസാരിക്കാന്‍. കലാ ലോകത്തെ സ്ത്രീവിവേചനം മറ്റ് മേഖലകളെക്കാള്‍ കൂടുതലാണെന്ന് സമര്‍ത്ഥിക്കുകയായിരുന്നു കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഗറില്ല ഗേള്‍സ് നടത്തിയ അവതരണം.

സ്ത്രീപക്ഷ സംഘടനയെന്നാണ് ഗറില്ല ഗേള്‍സിനുള്ള വിശേഷണം. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ യൂറോപ്പിലെ 383 കലാ മ്യൂസിയങ്ങളിലേക്ക് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തുകളയച്ചു. ഈ മ്യൂസിയങ്ങളിലെ പ്രദര്‍ശനങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കത്തിലുണ്ടായിരുന്നത്.

kochi muziris biennale

ഇതില്‍ 101 സ്ഥാപനങ്ങളില്‍നിന്നാണ് മറുപടി ലഭിച്ചത്. അവയില്‍ തന്നെ രണ്ട് സ്ഥാപനങ്ങളില്‍ മാത്രമാണ് സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നത്.

ഹോങ്കോങ് ആര്‍ട്ട് സ്‌കൂളില്‍ 83 ശതമാനവും വനിത വിദ്യാര്‍ഥികളായിരുന്നു. എന്നാല്‍ കലാ പ്രദര്‍ശനത്തിന്റെ കാര്യം വരുമ്പോള്‍ വനിതാ പ്രാതിനിധ്യം തുലോം കുറവാണെന്ന് അവര്‍ പറയുന്നു.
ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസിലും കൊച്ചിന്‍ ക്ലബ്ബിലുമാണ് ഗറില്ല ഗേള്‍സിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Content Highlights: Kochi Muziris Biennale For Women Empowerment