കൊറോണ ലോകത്തെ മുഴുവന്‍ പിടിച്ചു ഉലച്ചിരിക്കുകയാണ്. അനാവശ്യകാര്യങ്ങള്‍ക്ക് വീടിന് പുറമേ പോകാതെയിരിക്കേണ്ടതും പൊതു ഇടങ്ങളില്‍ സാമുഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമായിരിക്കുകയാണ്. ലോകാരോഗ്യ സംഘടന കൊറോണയെ പ്രതിരോധിക്കാനായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം കൈകോര്‍ത്തിരിക്കുകയാണ് കിം കര്‍ദാഷിയാന്‍. കര്‍ദാഷിയാന്റെ വീഡിയോ ഗെയിം സംരംഭത്തില്‍ ഗെയിം കളിക്കുന്നത് വഴി സ്‌പെഷ്യല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്നു.

കര്‍ദാഷിയാന്‍ തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം പുറത്ത് വിട്ടത്. പ്ലേ അപാര്‍ട്ട് ടുഗെതര്‍ എന്ന പേരില്‍ ഹാഷ്ടാഗ് ചാലഞ്ചിനും താരം തുടക്കമിട്ടു. ഈ സാഹചര്യത്തില്‍ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ക്രിയാത്മകമാവാം  കര്‍ദാഷിയാന്‍ ട്വീറ്റ് ചെയ്തു.

താരത്തിന്റെ ട്വീറ്റ് ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. വളരെ മികച്ച ഗെയിമാണിതെന്നും ഈ ഗെയിമില്‍ അഡിക്റ്റാണെന്നുമാണ് ആരാധകരുടെ മറുപടി ട്വീറ്റുകള്‍.

Content Highlights: Kim Kardashian  teams up with WHO  by offering special rewards in her video game