കൊച്ചി: കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടണ്‍ ലോഡുമായി ട്രക്ക് ഓടിക്കുകയാണ് സൗമ്യ സജി എന്ന 24-കാരി. ട്രക്ക് ട്രെയിലറിന്റെ നീളം 52 അടിയും ട്രാക്ടറിന്റെ നീളം 15 അടിയും. 22 ടയറുകളുള്ള ഈ ഭീമന്‍ വാഹനവുമായി പോകുന്ന സൗമ്യയുടെ ചങ്കുറപ്പ് കാനഡയിലെ ട്രക്ക് ഡ്രൈവറുമാരുടെയിടയിലും കൗതുകമുണര്‍ത്തി. ട്രക്ക് ഓടിക്കല്‍ നിസ്സാരജോലിയല്ല, മഞ്ഞുവീഴ്ചയും ആളില്ലാവഴികളിലെ പ്രതിബന്ധങ്ങളുമെല്ലാം നേരിടേണ്ടതുണ്ട്.

2019 ഓഗസ്റ്റിലാണ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ് പഠിക്കാന്‍ സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജില്‍ നിന്നുള്ള ബസില്‍ ഡ്രൈവര്‍ സീറ്റിനടുത്തിരുന്ന് ഡ്രൈവര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയില്‍ സ്ത്രീകള്‍ വലിയ വാഹനങ്ങളോടിക്കുന്നതിനെക്കുറിച്ച് അറിഞ്ഞത്. പിന്നീട്, കാനഡയിലെ മലയാളിക്കൂട്ടായ്മയില്‍ നിന്ന് ട്രക്ക് ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. ഉത്തരേന്ത്യക്കാരായ പുരുഷന്മാരാണ് ഈ മേഖലയില്‍ അധികവും. കാനഡയില്‍ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് സൗമ്യ.

കിഴക്കമ്പലം മണ്ണാലില്‍ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ. ബി.പി.സി.എല്‍. കാന്റീന്‍ ജീവനക്കാരനായ സജിമോന്‍ ബുദ്ധിമുട്ടിയാണ് മകളെ കാനഡയ്ക്ക് പഠിക്കാന്‍ അയച്ചത്. പഠനച്ചെലവിനൊപ്പം ട്രക്ക് ഡ്രൈവിങ് പഠിക്കാനുള്ള ചെലവും സൗമ്യയ്ക്ക് താങ്ങാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും എല്ലാത്തിനും കൂടെനിന്നു.

ഈ പെണ്‍കുട്ടി ഓവര്‍സ്മാര്‍ട്ടാണ്

ട്രക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴും പലരും പിന്തിരിപ്പിച്ചു. 'ഈ പെണ്‍കുട്ടി ഓവര്‍സ്മാര്‍ട്ടാണ്' എന്നുവരെ പലരും പറഞ്ഞു. എന്നാല്‍, അതൊന്നും താന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് സൗമ്യ. രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിങ് കോഴ്സിന് മാത്രം അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരും. എഴുത്തുപരീക്ഷയും പ്രാക്ടിക്കലും റോഡ് ടെസ്റ്റുമായി വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷ പാസാകണം. സ്വന്തമായി കാറുപോലുമില്ലാതിരുന്ന സൗമ്യ, പഠനത്തിന്റേയും പാര്‍ട്ട് ടൈം ജോലിയുടെയും ഇടയിലാണ് ട്രക്ക് ഡ്രൈവിങ് പഠിച്ചത്. പുരുഷന്മാര്‍ക്കുമാത്രം നല്‍കുന്ന ലോങ് ട്രിപ്പുകളും ഇപ്പോള്‍ സൗമ്യക്ക് കമ്പനി നല്‍കുന്നു.

''രണ്ടുപേരുള്ള ടീമായിട്ടാണ് ട്രക്കില്‍ യാത്രവരുന്നത്. 13 മണിക്കൂറേ ഒരാള്‍ ജോലിയെടുക്കാന്‍ പാടുള്ളു. എട്ടു മണിക്കൂര്‍ ഉറങ്ങണം. നാലു മണിക്കൂര്‍ വിശ്രമം വേണം. 24 മണിക്കൂറും ട്രക്ക് ഓട്ടത്തിലായിരിക്കും'' -തന്റെ ജോലിയുടെ പ്രത്യേകതകളെക്കുറിച്ച് സൗമ്യ വാതോരാതെ സംസാരിക്കുകയാണ്. തിരുവാങ്കുളം മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ സജീവ പ്രവര്‍ത്തകയായിരുന്നു സൗമ്യ.

Content highlights: keralite woman soumya saji working as truck driver in canada, first malayali woman