തിരുവനന്തപുരം: കേരളസമൂഹം വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നിലാണെങ്കിലും സ്ത്രീകളോടുള്ള സമീപനം ഉയരുന്നില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷയായി നിയമിതയായ പി. സതീദേവി. സ്ത്രീവിരുദ്ധമായ ആ നിലപാട് മാറ്റിയെടുക്കാനുള്ള ശ്രമം വനിതാകമ്മിഷൻ ഏറ്റെടുക്കുകയാണെന്നും സതീദേവി ‘മാതൃഭൂമി’ക്കനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ആൺമക്കളെയും പെൺമക്കളെയും തുല്യതയോടെ കാണാൻ മാതാപിതാക്കൾക്കാകണം. പാഠ്യപദ്ധതിയിൽ സ്ത്രീവിരുദ്ധമായ നിലപാടുകളുണ്ടെങ്കിൽ മാറ്റാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. തൊഴിൽ മേഖലയിലും തുല്യത ഉറപ്പാക്കേണ്ടതുണ്ട്. നിയമങ്ങളുണ്ടെങ്കിലും തൊഴിലിടങ്ങളിൽ പാലിക്കപ്പെടുന്നില്ലെന്നാണ് യാഥാർഥ്യം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ചർച്ച നടത്താതെ, യഥാർഥ പ്രശ്നങ്ങളെപ്പറ്റിയുള്ള സംവാദങ്ങൾ ഉയരേണ്ടതുണ്ട്. ഇതിനാവശ്യമായ ബോധവത്കരണ പരിപാടികൾ വനിതാ കമ്മിഷൻ ആരംഭിക്കും. വാർഡ്തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും.

രാഷ്ട്രീയ രംഗത്തുനിന്നുള്ളവർ കമ്മിഷൻ അംഗങ്ങളാൽ തീരുമാനങ്ങളിൽ രാഷ്ട്രീയമായ ചായ്‌വുണ്ടാകുമെന്ന അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയവീക്ഷണമോ, ജാതി മത പരിഗണനകളോ തീരുമാനമെടുക്കുന്നതിൽ വിഘാതമാകരുതെന്നാണ് അഭിപ്രായം. മുന്നിലെത്തുന്ന പരാതികളെ അനുഭാവപൂർവം പരിഗണിക്കുമെന്നും സതീദേവി പറഞ്ഞു.

മാതൃഭൂമി തിരുവനന്തപുരം ഓഫീസിലെത്തിയ സതീദേവി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ എം.പി.യുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയാണ് സതീദേവി കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റത്.

വിൽപ്പനച്ചരക്കല്ലെന്ന് പെൺകുട്ടികൾ തിരിച്ചറിയണം

വിവാഹ കമ്പോളത്തിൽ കാഴ്ചവസ്തുക്കളായി നിൽക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ പെൺകുട്ടികൾക്കാവണം. വിവാഹസമയത്ത് നൽകുന്ന സമ്മാനങ്ങളല്ല വധുവിന്റെ മൂല്യം നിർണയിക്കേണ്ടത്. സ്ത്രീധന പ്രശ്നങ്ങളിൽ തുടർച്ചയായുള്ള ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. വനിതാ കമ്മിഷൻ നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിനെപ്പറ്റി ചർച്ച ചെയ്യും.

Content Highlights: Kerala Women's Commission Chairperson p sathidevi speaking