കോഴിക്കോട്: വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ പവര്‍ഹൗസായി കോഴിക്കോട്. ദേശീയ ചാമ്പ്യന്‍ഷിപ്പ് കളിക്കുന്ന ഇരുപതംഗ സംസ്ഥാന ടീമിലെ പതിനൊന്നുപേരും കോഴിക്കോട് ജില്ലക്കാരാണ്. നടക്കാവ് ഗേള്‍സ് എച്ച്.എസ്.എസും പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂളും കൊയിലാണ്ടി ഗവ. ഗേള്‍സ് എച്ച്.എസ്.എസുമാണ് പ്രധാനമായും വനിതാ ഫുട്‌ബോള്‍ നഴ്‌സറിയായി പ്രവര്‍ത്തിക്കുന്നത്.

ക്യാപ്റ്റന്‍ ടി. നിഖില, വൈസ് ക്യാപ്റ്റന്‍ കെ.വി. അതുല്യ, ഹീരാ ജി. രാജ്, എ.ടി. കൃഷ്ണപ്രിയ, എസ്. കാര്‍ത്തിക, ഫെമിനാ രാജ്, കെ.കെ. കാവ്യ, നിധിയ ശ്രീധരന്‍, വി. ഉണ്ണിമായ, കെ, മാനസ, കെ. നിസരി എന്നിവരാണ് ജില്ലയുടെ അഭിമാനമായി കേരളത്തിനായി ബൂട്ട് കെട്ടുന്നത്. കൂടാതെ ജില്ലയ്ക്കായി കളിച്ച വേദവല്ലിയും ടീമിലുണ്ട്.

നടക്കാവ് ഗേള്‍സ് എച്ച്.എസ്.എസില്‍ നിന്ന് കളിപഠിച്ച അഞ്ചുപേര്‍ ഇത്തവണ ടീമില്‍ ഇടംപിടിച്ചു. നിഖിലയും അതുല്യയും ഹീരയും ഫെമിനയും നിസരിയുമാണ് അന്തരിച്ച കോച്ച് ഫൗസിയ ടീച്ചറുടെ ശിഷ്യകളായി വളര്‍ന്നവര്‍. ഫൗസിയ ടീച്ചറെ പിന്തുടര്‍ന്ന് കേരളത്തിന്റെ കോച്ചായ അമൃതാ അരവിന്ദ് നടക്കാവ് സ്‌കൂളില്‍ കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കുന്നു.

കോഴിക്കോട് ജില്ലക്കാരെങ്കിലും പലതാരങ്ങളും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ജില്ലകള്‍ക്കായി കളിക്കുന്നുണ്ട്. കേരളത്തിന് മാത്രമല്ല പഞ്ചാബ് ടീമിലടക്കം കോഴിക്കോടിന്റെ താരങ്ങളുണ്ട്.

Content highlights: kerala women football team at kozhikode for national meet