കൊച്ചി: സ്ത്രീശാക്തീകരണവും സ്ത്രീസുരക്ഷയും ലക്ഷ്യമിട്ട് വനിത-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'കനല്‍' പദ്ധതിക്ക് കാമ്പസുകളില്‍ മികച്ച പ്രതികരണം. ഒരു മാസത്തിനിടെ ജില്ലയിലെ എട്ട് കോളേജുകളില്‍ 13 സെഷനുകളിലായി 2200 വിദ്യാര്‍ത്ഥികളില്‍ ബോധവത്കരണമെത്തി. സ്ത്രീസുരക്ഷ, സ്ത്രീധനവിരുദ്ധ ബോധവത്കരണം എന്നിവയാണ് കനലിന്റെ ലക്ഷ്യം.

സംസ്ഥാനത്താകെ 150 കോളേജുകളില്‍ പൂര്‍ത്തിയായി. സ്ത്രീ-പുരുഷ സമത്വം ഏറ്റവും നന്നായി പ്രതിഫലിക്കുന്നത് കാമ്പസുകളിലാണ്. ഭാവി ജീവിതത്തിലും അത് പിന്തുടരേണ്ടതുണ്ട്. അതിനാലാണ് ബോധവത്കരണം കാമ്പസുകളില്‍ത്തന്നെ ആരംഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ദിവസം 10 കോളേജുകളെയെങ്കിലും പങ്കാളികളാക്കി മുന്നോട്ടു പോകാനാണ് ലക്ഷ്യം.

പരിശീലനത്തിന് റിസോഴ്‌സ് ടീം

ആദ്യഘട്ടം പോസ്റ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കി. ബോധവത്കരണ സന്ദേശങ്ങള്‍ പൊതു ഇടങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. 'പറയാം, പരിഹരിക്കാം' എന്ന പേരില്‍ കൈപ്പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. എല്ലാ യൂണിവേഴ്സിറ്റികളിലെയും എന്‍.എസ്.എസ്., എന്‍.സി.സി., വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

കോവിഡ് സാഹചര്യത്തില്‍ മിക്കയിടത്തും ഓണ്‍ലൈനായാണ് പരിപാടി. ചില കോളേജുകളില്‍ നേരിട്ടും പരിപാടി സംഘടിപ്പിക്കുന്നുണ്ട്. വിദഗ്ദ്ധ പരിശീലനം ലഭിച്ച 70- ഓളം റിസോഴ്സ് പേഴ്സണ്‍മാരാണ് പരിശീലനം നല്‍കുന്നത്.

അങ്കണവാടി ജീവനക്കാര്‍ക്കും പരിശീലനം

'സ്ത്രീസുരക്ഷ നമ്മുടെ സുരക്ഷ' എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ 66,000 വരുന്ന മുഴുവന്‍ അങ്കണവാടി ജീവനക്കാരും പങ്കെടുത്തു. ഒരു സ്ത്രീ, വനിത-ശിശു വികസന വകുപ്പിന്റെ ഏതെങ്കിലുമൊരു ഘടകത്തെ സമീപിച്ചാല്‍ അവര്‍ക്ക് നല്‍കേണ്ട സേവനത്തെ സംബന്ധിച്ചായിരുന്നു പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ള കോളേജുകള്‍ mskstatecell@gmail.com എന്ന മെയിലില്‍ ബന്ധപ്പെടണം.

Content Highlights: Kerala women and child developmen Department Kanal Project for women safety