മട്ടാഞ്ചേരി: 'ഉമ്മയെ കാണാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല, ഇതുതന്നെ ഭാഗ്യം'  സെബീനയുടെ കണ്ണുകള്‍ നിറഞ്ഞു. മകളെ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഉമ്മ ഐഷയും വിതുമ്പി. ഗള്‍ഫിലെ ഒന്നര വര്‍ഷക്കാലത്തെ ദുരിതജീവിതം കഴിഞ്ഞ് നാട്ടിലെത്തിയതാണ് സെബീന. ഉമ്മയുടെ ചാരത്തെത്താനുള്ള വെമ്പലായിരുന്നു അവര്‍ക്ക്. 73കാരിയായ ഉമ്മയും മകളെ കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു.

മസ്‌കറ്റില്‍ ജോലിക്കായി പോയ സെബീന വലിയ ചതിയിലാണ് പെട്ടത്. പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 30ന് അവര്‍ കൊച്ചിയിലെത്തി. പിന്നീട് കാക്കനാട്ടുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ 24 ദിവസം നിരീക്ഷണത്തില്‍. വ്യാഴാഴ്ചയാണ് മട്ടാഞ്ചേരിയില്‍ ഉമ്മയെ കാണാനെത്തിയത്.

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സെബീനയെ കുട്ടിയെ നോക്കാനെന്നു പറഞ്ഞാണ് ദുബായിയിലേക്ക് കൊണ്ടുപോയത്. 20,000 രൂപ ശമ്പളം പറഞ്ഞു. വൈപ്പിന്‍ സ്വദേശിയായ സ്ത്രീയാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. ദുബായിയിലെത്തിയ സെബീനയെ അവിടെ നിന്ന് മസ്‌കറ്റിലേക്ക് കൊണ്ടുപോയി. രണ്ടേമുക്കാല്‍ ലക്ഷം രൂപയ്ക്കായിരുന്നു ഈ കൈമാറ്റം. മനുഷ്യക്കച്ചവടമാണ് നടന്നതെന്ന് സെബീന അറിയുന്നത് അപ്പോഴാണ്.

'മസ്‌കറ്റിലെ ഒരു അറബിയുടെ വീട്ടിലായിരുന്നു ജോലി. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി 12 വരെ ജോലി. ഭക്ഷണം തരില്ല. ജോലി ചെയ്ത് അവശയാകും. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജോലിക്ക് പ്രതിഫലവുമില്ല'. അവരെന്നെ ചാട്ടവാര്‍ കൊണ്ടടിച്ചു. ഒരാള്‍ രണ്ടുകൈയുംകൊണ്ട് കരണത്തടിച്ചു. അപ്പോള്‍ കേള്‍വിശക്തി നഷ്ടപ്പെട്ടു. ഒരാള്‍ നാഭിക്ക് ചവിട്ടി - സെബീന പറയുന്നു.

ദുരിത ജീവിതത്തില്‍നിന്ന് രക്ഷപ്പെടാനായി പ്രവാസി ലീഗ് പ്രവര്‍ത്തകരുടെ സഹായത്തോടെ സെബീന എംബസിയില്‍ പരാതി നല്‍കി. ഇതോടെ പ്രകോപിതരായ ഏജന്‍സി ഓഫീസിലെ ഉദ്യോഗസ്ഥര്‍ സെബീനയെ ക്രൂരമായി മര്‍ദിച്ചു.

മട്ടാഞ്ചേരിയിലെ ഒറ്റമുറി വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. സെബീനയ്ക്ക് രണ്ടു മക്കളുണ്ട്. അവരുടെ വിദ്യാഭ്യാസം കൂടി ലക്ഷ്യമിട്ടാണ് കടം വാങ്ങിയ പണവുമായി ഗള്‍ഫിലേക്ക് പോയത്. 'മാസം 20,000 രൂപ കിട്ടിയിരുന്നെങ്കില്‍ കുടുംബം രക്ഷപ്പെടുമായിരുന്നു. ഈ ചെറിയ വീടിന് 3000 രൂപ വാടക കൊടുക്കണം. മക്കള്‍ക്ക് ഒന്നു നിവര്‍ന്നു കിടക്കാനുള്ള സൗകര്യം ഈ വീട്ടിലില്ല. ഒരാള്‍ കയറിയാല്‍ മറ്റൊരാള്‍ക്ക് അടുക്കളയില്‍ കയറാനാവില്ല. ഇതൊക്കെ ഒന്ന് മാറ്റണമെന്നും വിചാരിച്ചു. ഒന്നും നടന്നില്ല'. വീടൊഴിയണമെന്ന് ഇപ്പോള്‍ ഉടമ പറയുന്നു. എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ല. ഇനി ഒരു പെണ്ണിനും ഇത്തരം അനുഭവമുണ്ടാകരുത്. അതിനുവേണ്ടി എന്തെങ്കിലും ചെയ്യണം. ഇത് മാത്രമാണ് ആഗ്രഹം'  സെബീന പറഞ്ഞു.

പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു, ജനറല്‍ സെക്രട്ടറി സജി മൂത്തേരില്‍, റീന മാത്യു എന്നിവര്‍ക്കൊപ്പമാണ് സെബീന ഉമ്മയുടെ അടുത്തെത്തിയത്.

Content Highlights: Kerala woman sebeena who was tortured in Muscat by employer escapes