വിവാഹ ശേഷം ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും നോക്കി ജോലി, വീട്, കുടുംബം എന്ന മന്ത്രവുമായി ജീവിക്കുന്ന ധാരാളം സ്ത്രീകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ ഏത് പ്രായത്തിലും ഏത് രംഗത്തും വിജയം നേടാമെന്നും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പറക്കാന്‍ ഒന്നും തടസ്സമല്ലെന്നും തെളിയിക്കുന്ന ചിലരുണ്ട്. അവരില്‍ ഒരാളാണ് ശശിലേഖാ നായര്‍. 2021 ലെ ക്ലാസിക്ക്‌ മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്‌സ് ഇന്ത്യയാണ് ശശിലേഖ. 

മത്സരം കോവിഡ് വ്യാപനത്തെ തുടന്ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് നടന്നത്. ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് മിസിസ് ഗ്രാന്‍ഡ് യൂണിവേഴസ് മത്സരത്തിലും ശശിലേഖ മാറ്റുരക്കും. 

' 2018 ലെ രണ്ട് വിജയങ്ങള്‍ക്ക് ശേഷം വീണ്ടും ലോകമെങ്ങുമുള്ള ആളുകളുമായി ബന്ധപ്പെടാന്‍ ഈ മത്സരം സഹായിച്ചു, പ്രത്യേകിച്ചും ഈ മഹാമാരിക്കാലത്ത്. ' എന്നാണ് കിരീട നേട്ടത്തിന് ശേഷം ശശിലേഖ പ്രതികരിച്ചത്. 

ഇത് മാത്രമല്ല ശശിലേഖയുടെ കിരീട നേട്ടങ്ങള്‍. മിസിസ് ഇന്ത്യ കേരള, മിസിസ് ഏഷ്യ ഇന്റര്‍ നാഷണല്‍ മോസ്റ്റ് ചാമിങ്ങ് 2018 എന്നിങ്ങനെ ധാരാളം വിജയങ്ങള്‍ ഈ പത്തനംതിട്ടക്കാരിയെ തേടി എത്തിയിട്ടുണ്ട്. ഭരതനാട്യം നര്‍ത്തകിയും സംരംഭകയുമായ ശശിലേഖ എക്യു മാട്രിക്‌സ് ഇന്‍ഫോവേയ്‌സ് സൊല്യൂഷന്‍ മാനേജിങ്ങ് ഡയറക്ടറാണ്. 

മൈക്രോബയോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടിയ ശശിലേഖ ഹ്യുമാനിറ്റീസില്‍ ഹോണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. രണ്ട് മക്കള്‍. ഭര്‍ത്താവ് രാജീവ് കുമാര്‍ പിള്ള ഐ.ടി മേഖലയിലാണ്.  

Content Highlights: Kerala Woman entrepreneur crowned Classic Mrs Grand Universe India 2021