കൊച്ചി: കള്ളൻ കൊണ്ടുപോയ ‘വിഷുക്കൈനീട്ടം’ കേടൊന്നും കൂടാതെ രണ്ടു ചക്രത്തിൽനിന്ന് കീർത്തനയെ നോക്കി ചിരിച്ചു. ഏഴാം ക്ലാസുകാരിയുടെ പരാതിയന്വേഷിച്ച് മണിക്കൂറുകൾക്കുള്ളിൽ 'തൊണ്ടിമുതൽ' കണ്ടെത്തിയ പോലീസുമാമൻമാരും ഒപ്പം ചിരിച്ചു. സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ചുകൊണ്ട് കീർത്തന പറഞ്ഞു: ‘‘ന്റെ പോലീസുമാമൻമാർ സൂപ്പറാ...’’

ഈ 'സൈക്കിൾ കഥ' നടന്നത് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സ്റ്റേഷനിലേക്ക് നേവൽബേസ് കേന്ദ്രീയ വിദ്യാലയത്തിലെ കീർത്തനയുടെ വിളി എത്തിയത്: ‘‘ന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി, പോലീസ് അങ്കിൾ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം.’’

ഫോണെടുത്ത ഇൻസ്പെക്ടർ എ. നിസാർ, കീർത്തനയുടെ സൈക്കിളിന്റെ പടം വാട്‌സാപ്പിൽ വാങ്ങി. കൊച്ചി സിറ്റി പോലീസിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചിത്രം വന്നതും സൗത്ത് പോലീസ് സ്റ്റേഷനിൽനിന്ന്‌ മറുപടിയെത്തി: ‘‘സൈക്കിൾ ഇവിടെയുണ്ട്.’’

കഴിഞ്ഞ ദിവസം തേവര ഭാഗത്ത് സൈക്കിളിൽ കറങ്ങിനടന്ന മോഷ്ടാവിനെ പിടികൂടിയിരുന്നു. സൈക്കിൾ മോഷ്ടിച്ചതാണെന്ന് മനസ്സിലായതോടെ സ്റ്റേഷനിൽ സൂക്ഷിച്ചു.

കീർത്തനയെ വിളിച്ച് സൈക്കിൾ കിട്ടിയ കാര്യം അറിയിച്ചു. വിഷുക്കൈനീട്ടം കിട്ടിയ കാശ്‌ കൂട്ടിവെച്ച് വാങ്ങിയ സൈക്കിൾ തിരിച്ചുകിട്ടിയതോടെ കീർത്തന തുള്ളിച്ചാടി. അപ്പോൾത്തന്നെ ഒരു പടം വരച്ച് പോലീസുമാമൻമാർക്ക് വാട്‌സാപ്പിൽ അയച്ചുകൊടുത്തു.

വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽനിന്ന്‌ സൈക്കിൾ വാങ്ങാനെത്തിയ കീർത്തനയെ കാത്തിരുന്നത് പോലീസ് മാമൻമാരുടെ മധുരപലഹാരങ്ങളായിരുന്നു. കീർത്തന താൻ വരച്ച ചിത്രവും പോലീസുകാർക്ക് കൊടുത്തു. സൈക്കിൾ കിട്ടിയ സന്തോഷത്തിൽ കീർത്തനയും നൽകി പോലീസിന് മിഠായികൾ. പിന്നെ, പ്രിയപ്പെട്ട സൈക്കിളിൽ വീട്ടിലേക്ക്. കൈയടിച്ച് കീർത്തനയെ യാത്രയാക്കാൻ എത്തിയത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. തോമസും സർക്കിൾ ഇൻസ്പെക്ടർ എ. നിസാറും.

ബി.പി.സി.എൽ. ഉദ്യോഗസ്ഥൻ കെ.എൻ. രാജേഷ്‌ കുമാറിന്റെയും ആർക്കൈവ്സ് വകുപ്പ് ഉദ്യോഗസ്ഥ ആർ. നിജയുടെയും മകളാണ് കീർത്തന.

Content Highlights: Kerala Police Recovers Stolen Bicycle