തൃശ്ശൂർ: ആൺ-പെൺ വേർതിരിവുകളുടെ ദൂരം കുറച്ച് കേരള പോലീസ്. സ്ത്രീകൾ ഇതുവരെ കടന്നുചെല്ലാത്ത സേനയിലെ മറ്റൊരു മേഖലകൂടി അവർക്കായി തുറന്നിട്ടു. സേനയുടെ ഡോഗ് സ്ക്വാഡിലേക്കാണ് രാജ്യത്ത് ആദ്യമായി വനിതാ പോലീസ് എത്തിയത്. ഇടുക്കി പണിക്കൻകുടി സ്വദേശിനിയും തൃശ്ശൂർ പോലീസ് അക്കാദമിയിലെ എ.എസ്.ഐ.യുമായ വി.സി. ബിന്ദുവാണ് കേരള പോലീസിന്റെ ചരിത്രപരമായ ചുവടുവെപ്പിൽ പങ്കാളിയാകുന്നത്.

1959-ൽ ആരംഭിച്ച കെ.9 വിങ് എന്നറിയപ്പെടുന്ന കേരള പോലീസിന്റെ ഡോഗ് സ്ക്വാഡ് സംസ്ഥാനത്തെ 14 ജില്ലകളിലുമുണ്ട്. നായ്ക്കുട്ടികൾ പിറന്ന് മാസങ്ങളാകുംമുൻപു തന്നെ സ്ക്വാഡ് അംഗങ്ങൾക്ക് നൽകും. അവർ അതിനെ പരിശീലിപ്പിക്കും. ഒപ്പം അംഗങ്ങൾക്കും പരിശീലനംനൽകും.

രണ്ടുമാസം പ്രായമുള്ള ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായക്കുഞ്ഞിനെയാണ് ബിന്ദുവിന് പരിശീലനത്തിനായി ലഭിച്ചത്. ഒരു നായയെ രണ്ടുപേർ ചേർന്നാണ് പരിശീലിപ്പിക്കുന്നത്.

ഒമ്പതു മാസത്തെ പരിശീലനം നേടേണ്ടതുണ്ട്. ബിന്ദു ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. പോലീസ് അക്കാദമി ഐ.ജി. പി. വിജയന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിലെ മാസ്റ്റർ ട്രെയിനറായ എസ്.ഐ. പി. രമേഷിന്റെ നേതൃത്വത്തിലാണ് ബിന്ദു ഉൾപ്പെടെ നാലുപേർ ഇപ്പോൾ പരിശീലനം നടത്തുന്നത്. ബാക്കി മൂന്നുപേരും പുരുഷ പോലീസുകാരാണ്.

പണിക്കൻകുടി വേലിക്കകത്ത് കുടുംബാംഗമായ ബിന്ദുവിന്റെ ഭർത്താവ് മാനന്തവാടി ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു അധ്യാപകനായ ദാസനാണ്. ഡിഗ്രി വിദ്യാർഥിയായ മകൾ ശ്രീദേവി വോളിബോൾ താരമാണ്. ഡോഗ് സ്ക്വാഡ് തിരഞ്ഞെടുക്കാൻ സ്ത്രീകൾ പൊതുവേ മടിക്കുന്നുവെന്ന് പറയുന്ന ബിന്ദു ഇനിയുള്ളവർക്ക് തന്റെ വരവ് പ്രചോദനമാകട്ടെയെന്നും ആഗ്രഹിക്കുന്നു.

സ്ത്രീകൾക്ക് അന്യമായ ഇടങ്ങൾ ഇനിയും സേനയിലുണ്ട്. അവിടേക്കുള്ള വാതിലുകൾ തുറന്നിടാൻ പ്രചോദനമേകുന്നതാകണം ഈ പുതിയ തീരുമാനമെന്ന് പ്രതീക്ഷിക്കുന്നവരേറെയുണ്ട്.

Content Highlights: kerala police dog squad, kerala police dog squad recruitment, woman cop in dog squad