മോതിരം നഷ്ടപ്പെട്ട യുവതിക്ക് അത് വീണ്ടെടുത്തു നല്‍കിയ ചാവക്കാട് പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗദാമിനിയെക്കുറിച്ച് കേരളാ പോലീസ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ് വൈറലായി. കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നിന് മോതിരം പണയം വയ്ക്കാനിറങ്ങിയതായിരുന്നു തൃശ്ശൂര്‍ ചാവക്കാട് സ്വദേശിനിയായ ഹസീന. വിരലില്‍നിന്ന് ഊരുന്നതിനിടെ മോതിരം വഴുതി അഴുക്കുനിറഞ്ഞ ഓവുചാലില്‍ വീണു. നഷ്ടപ്പെട്ട മോതിരം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഹസീന സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സൗദാമിനി അഴുക്കുചാലില്‍നിന്ന് ജെ.സി.ബി. ഡ്രൈവറുടെ സഹായത്തോടെ മോതിരം വീണ്ടെടുത്തു നല്‍കി.

നിരവധി പേരാണ് ഫെയ്സ്ബുക്കിലൂടെ സൗദാമിനിക്ക് അഭിനന്ദനമറിയിച്ചത്. സൗദാമിനിയെ അഭിനന്ദിച്ചുകൊണ്ട് കേരളാ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പിലേക്ക്...

അസുഖം ബാധിച്ച മകനെ ആശുപത്രിയില്‍ കാണിക്കാന്‍ പണം കണ്ടെത്തുന്നതിനായി കയ്യിലണിഞ്ഞിരുന്ന മോതിരം  പണയം വെക്കാന്‍ ചാവക്കാട് ടൗണിലേക്ക് പുറപ്പെട്ടതായിരുന്നു യുവതി. നടത്തിത്തിനിടയില്‍ വിരലില്‍ നിന്നും ഊരി മോതിരം നടപ്പാതയിലെ  കോണ്‍ക്രീറ്റ് സ്ലാബിനിടയിലൂടെ  അഴുക്കുചാലിലേക്ക് വീണു.
ആകെ പരിഭ്രമിച്ച യുവതി  അവിടെ നിന്നും  ചാവക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ അറിയിച്ചു.  സ്റ്റേഷനില്‍ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൌദാമിനി യുവതിയെ ആശ്വസിപ്പിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ഉടന്‍ തന്നെ പോലീസ് ഓഫീസര്‍ സൌദാമിനി യുവതിയേയും കൂട്ടി മോതിരം നഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയി. അഴുക്കുചാലിനുമീതെ, കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇട്ട വിടവിലൂടെ സ്വര്‍ണമോതിരം നഷ്ടപ്പെട്ട സ്ഥലം  പോലീസുദ്യോഗസ്ഥയ്ക്ക്  യുവതി കാണിച്ചു കൊടുത്തു. 
ചാവക്കാട് നഗരത്തിലൂടെ പോകുന്ന ഒരു അഴുക്കുചാലായിരുന്നു അത്. അതിനുമീതെ കാല്‍നടക്കാര്‍ക്ക് പോകുന്നതിനുവേണ്ടി വളരെ കനത്തിലാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇട്ടിരിക്കുന്നത്. സ്ലാബുകള്‍ നീക്കി, നഷ്ടപ്പെട്ട മോതിരം കൈകൊണ്ടെടുക്കുക  സാധ്യമല്ല. അതുവഴി പോയ ഒരു JCB  സൌദാമിനിയുടെ ശ്രദ്ധയില്‍പ്പെട്ടു. കൈകാണിച്ച്  നിര്‍ത്തിച്ച ശേഷം ഡ്രൈവറോട് സഹായം അഭ്യര്‍ത്ഥിച്ചു. നല്ല മനസ്സിനുടമയായ അയാള്‍ ജെസിബി കൊണ്ട് സ്ലാബ് ഉയര്‍ത്തിത്തരാമെന്ന് സമ്മതിച്ചു. അഴുക്കു നിറഞ്ഞ വെള്ളം, വല്ലാത്ത ദുര്‍ഗന്ധവും. 
ഒറ്റനോട്ടത്തില്‍ മോതിരം അവിടെ കാണുന്നുണ്ടായിരുന്നില്ല. മോതിരം നഷ്ടപ്പെട്ട യുവതി ആകെ വിഷമിച്ചു. 
 ''നമുക്ക് വഴിയുണ്ടാക്കാം...'' , സൌദാമിനി യുവതിയെ ആശ്വസിപ്പിച്ചു. 
അവിടെ കൂടിയ ഒരാളോട് സഹായമഭ്യര്‍ത്ഥിച്ചു. അഴുക്കുചാലില്‍ ഒഴുക്കുണ്ടായിരുന്നില്ല.   മോതിരം വീണ ഭാഗത്ത് കെട്ടിക്കിടന്നിരുന്ന വെള്ളവും ചെളിയും ഒരു ബക്കറ്റില്‍ കോരി പുറത്തെടുത്ത്  സസൂക്ഷ്മം പരിശോധിച്ചു. മോതിരം കണ്ടുകിട്ടി.  നഷ്ടപ്പെട്ടു എന്നു കരുതിയ അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമോതിരം തിരിച്ചു ലഭിച്ച സന്തോഷത്തില്‍ പോലീസുദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് യുവതി കരഞ്ഞു. 
''വിഷമിക്കേണ്ട, പോയ്‌കോളൂ.. കുട്ടിയുടെ അസുഖം വേഗം ഭേദമാകട്ടെ.''
സൗദാമിനിയുടെ സാന്ത്വനവാക്കുകള്‍ യുവതിക്ക് ആശ്വാസമായി. 
സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ യുവതിയുടെ നഷ്ടപ്പെട്ടു എന്ന് കരുതിയ മോതിരം വീണ്ടെടുക്കാന്‍  അവസരമൊരുക്കിയ ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗദാമിനിക്ക് അഭിനന്ദനങ്ങള്‍.

 

Content highlights: kerala police chavakkad janamaitri senior civil police officer soudamini facebook post