മമ്പാട്(മലപ്പുറം): ആശ്വാസവചനങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയപ്പോഴും ഹൃദയവേദനയില്‍ ഹിബ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും നേരിട്ട പീഡനം വാക്കുകളായി കണ്ണീരും ചേര്‍ന്നലിഞ്ഞു. ചേര്‍ത്തുനിര്‍ത്തി അദ്ദേഹം ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ കടം വീട്ടാന്‍ സഹായിക്കാമെന്ന ഉറപ്പും നല്‍കി. കുടുംബാംഗങ്ങളുമായി 20 മിനിറ്റോളം സംസാരിച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്.

സ്ത്രീധനപീഡനമാരോപിച്ച് വീഡിയോ സന്ദേശമിട്ട് ആത്മഹത്യചെയ്ത മമ്പാട് പന്തലിങ്ങല്‍ ചെങ്ങരായി മൂസക്കുട്ടിയുടെ വീട്ടിലായിരുന്നു വെള്ളിയാഴ്ച ഈ കണ്ണീര്‍ രംഗം. മൂസക്കുട്ടിയുടെ മകളാണ് ഹിബ. രാവിലെ പത്തരയോടെയാണ് ഗവര്‍ണര്‍ ഇവരുടെ വീട്ടിലെത്തിയത്.

കഴിഞ്ഞമാസം 23-നാണ് മൂസക്കുട്ടി വീടിനടുത്ത റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ അനുഭവിക്കുന്ന പീഡനത്തില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്ന് മരിക്കുംമുന്പ് ഫോണിലെടുത്ത വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. മരുമകന്‍ ഊര്‍ങ്ങാട്ടിരി തെഞ്ചേരി സ്വദേശി അബ്ദുല്‍ഹമീദ് മകളെ നിരന്തരം പീഡിപ്പിക്കുകയാണെന്നും തനിക്കിത് താങ്ങാനാകുന്നില്ലെന്നുമായിരുന്നു പറഞ്ഞത്.

2020 ജനുവരി 12-നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയുടെ വിവാഹം നടന്നത്. അന്ന് 18 പവന്‍ സ്വര്‍ണം നല്‍കിയിരുന്നതായി ഹിബ പറഞ്ഞു. പിന്നീട് മാതാവിന്റെ വളയും മാലയുമായി ആറുപവന്‍കൂടി നല്‍കി. തുടര്‍ന്നും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നെങ്കിലും പിതാവിനോട് പറഞ്ഞിരുന്നില്ല. ടാപ്പിങ് തൊഴിലാളിയായ പിതാവിനെ വിഷമിപ്പിക്കേണ്ടെന്നു കരുതിയായിരുന്നു ഇതെന്നാണ് ഹിബ പറയുന്നത്. ഹിബയ്ക്ക് രണ്ടുമാസം പ്രായമായ കുഞ്ഞുണ്ട്. കുഞ്ഞുപിറന്ന സന്തോഷനാളുകളില്‍ മനപ്രയാസമുണ്ടാക്കുന്ന വാക്കുകളാണ് ഭര്‍ത്താവില്‍നിന്നും ഭര്‍ത്തൃവീട്ടുകാരില്‍നിന്നും നേരിടേണ്ടിവന്നത്. താങ്ങാനാകാത്ത ദുഃഖഭാരം പേറിയാണ് പിതാവ് ആത്മഹത്യചെയ്തതെന്നും ഹിബ പറഞ്ഞു. വീഡിയോയില്‍ മൂസക്കുട്ടി ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ഹിബയുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുല്‍ഹമീദിനെ നിലമ്പൂര്‍ പോലീസ് കഴിഞ്ഞ ബുധനാഴ്ച അറസ്റ്റുചെയ്തിരുന്നു.

സ്ത്രീധനക്കാര്യത്തില്‍ കേരളീയരുടെ മനോഗതി മാറണം -ഗവര്‍ണര്‍

വിദ്യാസമ്പന്നരായ കേരളീയരുടെ മനോഗതി സ്ത്രീധനവിഷയത്തില്‍ മാറേണ്ടതുണ്ടെന്ന് പിന്നീട് ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീധനത്തിനെതിരേ പൊതുജനാഭിപ്രായം ഉയരണം. ഇക്കാര്യത്തില്‍ സമൂഹത്തിനാണ് വലിയ പങ്കുവഹിക്കാന്‍ കഴിയുക. പെണ്‍കുട്ടികളെ 'നോ' പറയാന്‍ പ്രാപ്തരാക്കുംവിധമുള്ള ബോധവത്കരണം മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കുകയാണ് സ്ത്രീധനപീഡനം ഇല്ലാതാക്കാന്‍ ചെയ്യേണ്ടത്. സുശക്തമായ പോലീസ് സംവിധാനങ്ങളും നിയമങ്ങളും നമുക്കുണ്ട്. എന്നാല്‍ ഇവയ്ക്ക് ഇടപെടാനാകുന്നത് കുറ്റം സംഭവിച്ചുകഴിഞ്ഞ ശേഷമാണ്. ബോധവത്കരണം തുടങ്ങേണ്ടത് സ്ത്രീധനം എന്ന ആവശ്യം അംഗീകരിച്ചുകൊടുക്കുന്ന രക്ഷിതാക്കളില്‍നിന്നുകൂടിയാകണം. സ്ത്രീധനവിപത്തിന്റെ അപകടം ജനശ്രദ്ധയിലെത്തിക്കാന്‍ തന്റെ സന്ദര്‍ശനത്തിനാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Content highlights: Kerala governer muhhamed arif khan visits hibas house at malappuram