ലിംഗവിവേചനം ഇന്ത്യക്ക് പുതുമയുള്ള കാര്യമൊന്നുമല്ല. സ്ത്രീകളെ സമൂഹത്തിലെ രണ്ടാംതരം പൗരന്മാരായി കാണുകയും അവരുടെ അവകാശങ്ങളെ പുരുഷന്മാര്‍ നിര്‍വചിക്കുകയും ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാജ്യത്ത് യാതൊരു കുറവുമില്ല താനും. വിദ്യാഭ്യാസത്തില്‍ മുതല്‍ വിവാഹത്തില്‍ വരെയുള്ള ഈ വിവേചനത്തെക്കുറിച്ച് സോണി ടിവി ചാനലിലെ കോന്‍ ബനേഗാ ക്രോര്‍പതിയിലൂടെ തുറന്നു പറഞ്ഞ് ശ്രദ്ധേയയായിരിക്കുകയാണ് ഒരു വീട്ടമ്മ.

ഉത്തര്‍പ്രദേശിലെ ഫൂല്‍പൂരില്‍ നിന്നുള്ള അര്‍ച്ചന വിജയ് ആണ് താനടക്കമുള്ള സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അസമത്യങ്ങളെക്കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചന്റെയും കാണികളുടെയും മുന്നില്‍വച്ച് വികാരാധീനയായത്. തന്റെ കുടുംബത്തില്‍ പോലും പ്രകടമായ പുരുഷമേധാവിത്വവും സ്ത്രീകള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളും അര്‍ച്ചന ചര്‍ച്ചാവിഷയമാക്കി.

വിവാഹം കഴിക്കാനുള്ള പ്രായമെത്തുമ്പോള്‍ ആണ്‍കുട്ടികളോട് അവര്‍ക്കിഷ്ടമുള്ള പെണ്ണിനെ തെരഞ്ഞെടുക്കാനാണ് കുടുംബാംഗങ്ങള്‍ പറയുക. എന്നാല്‍,പെണ്‍കുട്ടിയ്ക്ക് അവള്‍ക്കിഷ്ടമുള്ള വരനെ തെരഞ്ഞെടുത്തോളൂ എന്ന് അനുവാദം നല്കുന്ന എത്ര വീടുകളുണ്ടെന്നാണ് അര്‍ച്ചനയുടെ ചോദ്യം. ഇത് തന്നെ ലിംഗവിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ എന്നും അര്‍ച്ചന ചോദിക്കുന്നു.

തിരിച്ചറിവായ പ്രായം മുതല്‍ തന്റെ കുടുംബത്തിലെ ഈ വേര്‍തിരിവ് കണ്ടാണ് വളര്‍ന്നതെന്ന് അര്‍ച്ചന പറയുന്നു. എതിര്‍ത്തു സംസാരിച്ചപ്പോള്‍ തന്നെ എല്ലാവരും ധിക്കാരിയെന്ന് വിളിക്കുകയാണ് ചെയ്തത്. കാലങ്ങളായി തുടര്‍ന്നുപോരുന്ന സമ്പ്രദായമാണിത് എന്നാണ് പുരുഷന്മാരുടെ ന്യായീകരണം. അതെങ്ങനെ ശരിയാവും. അങ്ങനെയാണെങ്കില്‍ത്തന്നെ അതൊക്കെ പൊളിച്ചെഴുതേണ്ട സമയം എന്നേ കഴിഞ്ഞതാണ് എന്നാണ് അര്‍ച്ചനയുടെ വാദം.

പണ്ടൊക്കെ സ്ത്രീകള്‍ക്ക് പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇന്നതിന് അവസരം ലഭിക്കുമ്പോള്‍ അവര്‍ എത്ര മിടുക്കരായി തങ്ങളുടെ ജോലിയും വീട്ടുജോലികളും ചെയ്യുന്നു. ഉള്ള സമയം അങ്ങനെ വിനിയോഗിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ പുരുഷന്മാര്‍ക്കും എന്തുകൊണ്ട് അങ്ങനെയായിക്കൂടാ എന്നും അര്‍ച്ചന ചോദിച്ചു. തെറ്റുകള്‍ കണ്ടാല്‍ താന്‍ തുറന്നു പറയും. അത് ഇഷ്ടപ്പെടാത്തവരെക്കുറിച്ച് തനിക്ക് ആശങ്കയില്ല. താനിങ്ങനെ തന്നെയായിരിക്കുമെന്നും അര്‍ച്ചന പറഞ്ഞു.

അമിതാഭ്ബച്ചന്റെയും കാണികളുടെയും ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് അര്‍ച്ചനയ്ക്ക് ലഭിച്ചത്.