കാസര്‍കോട്: പോളണ്ടിലെ ഇന്ത്യന്‍ശബ്ദമായി കാസര്‍കോട്ടുകാരി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹബീബുള്ളയുടെ മകള്‍ നഗ്മ മുഹമ്മദ് മാലിക് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റു. സെപ്റ്റംബര്‍ ഒന്നിനാണ് ചുമതലയേറ്റത്. കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനായിരുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ.

കേന്ദ്രസര്‍ക്കാരിന്റെ ഓവര്‍സീസ് കമ്യൂണിക്കേഷന്‍സ് വകുപ്പില്‍ ജോലി ലഭിച്ചതോടെ കാസര്‍കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുള്ളയും കുടുംബവും. നഗ്മ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണേമിക്സിലുമായിരുന്നു പഠനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

1991-ല്‍ വിദേശകാര്യവകുപ്പില്‍ കരിയര്‍ നയതന്ത്രജ്ഞയായിട്ടായിരുന്നു തുടക്കം. പാരീസില്‍ യുനെസ്‌കോയുടെ ഇന്ത്യന്‍ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു.

കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വാണിജ്യവിഭാഗത്തിന്റെ ചുമതല നഗ്മയ്ക്കായിരുന്നു. ടുണീഷ്യ, ബ്രൂെണ തുടങ്ങിയ രാജ്യങ്ങളിലും അംബാസിഡറായിരുന്നു. ഡല്‍ഹിയില്‍ അഭിഭാഷകനായ മാലിക്കാണ് ഭര്‍ത്താവ്.

Content Highlights: Kasaragod based Nagma Mohammad Malik appointed as the next Ambassador of India to Poland, Women