നിലമ്പൂര്‍: അക്ഷരാര്‍ഥത്തില്‍ ഇരുട്ടാണ് ഈ പെണ്‍കുട്ടികളുടെ മുന്നില്‍. അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങളും ഒറ്റ രാത്രിയില്‍ ഇല്ലാതായതോടെ ഈ ലോകത്തുതന്നെ ഇവര്‍ ഒറ്റപ്പെട്ടു. പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ വിവരമറിയുന്നത്.

കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ച ആനക്കാരന്‍ സുശീലയുടെ മക്കളായ കാര്‍ത്തികയും കാവ്യയുമാണ് ഒരു രാത്രികൊണ്ട് അനാഥരായത്. സഹോദരന്‍മാരായ കാര്‍ത്തിക്, കമല്‍, കിഷോര്‍ എന്നിവരും അമ്മയോടൊപ്പം ഇല്ലാതായി. ഇവരുടെ ശരീരംപോലും ഇപ്പോഴും വീണ്ടെടുക്കാനായിട്ടില്ല. ഇവരുടെ അച്ഛന്‍ ബാലന്‍ നേരത്തേ മരിച്ചതാണ്. കാര്‍ത്തിക പാലക്കാട്ട് ലീഡ് കോളേജില്‍ ഹോട്ടല്‍ മാനോജ്മെന്റ് പഠനം കഴിഞ്ഞ് പരിശീലനത്തിലാണ്. കാവ്യയാകട്ടെ വയനാട് പുളിയാര്‍മലയില്‍ ആയുര്‍വേദ നഴ്സിങ് കോഴ്സിന് പഠിക്കുന്നു.

മൂന്നുദിവസം മുന്‍പ് നാട്ടിലെത്തിയപ്പോഴാണ് കാവ്യയോട് ബന്ധുക്കള്‍ വിവരങ്ങള്‍ വിശദമായി പറഞ്ഞത്. ബുധനാഴ്ച ഭൂദാനം സെന്റ്മേരീസ് ക്യാമ്പിലെത്തി ബന്ധുക്കളെയും നാട്ടുകാരെയും കണ്ടു. കാര്‍ത്തിക മൂന്നുദിവസം മുന്‍പ് കവളപ്പാറയിലെത്തിയിരുന്നു. തുടര്‍ന്ന് ജോലിസ്ഥലത്തേക്ക് മടങ്ങി. അച്ഛന്‍ ബാലന്റെ സഹോദരി പാതിരിപ്പാടത്തെ ഗീതയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. മണ്‍മറഞ്ഞ സഹോദരന്‍ പത്താംക്ലാസുകാരനായിരുന്ന കാര്‍ത്തിക് നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു.

Content Highlights: karthika kavya lost parents and siblings in kavalappara landslide