​ഗ്രാമത്തിലേക്ക് മതിയായ റോഡ് സൗകര്യമില്ലാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് വ്യത്യസ്തമായ കത്തെഴുതി യുവതി. റോഡ് സൗകര്യം ഉണ്ടാകുന്നതുവരെ താൻ വിവാഹിതയാകില്ലെന്ന് കാണിച്ചാണ് കർണാടക സ്വദേശിയായ യുവതി മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയ്ക്ക് കത്തെഴുതിയത്. 

ദാവൻ​ഗരെ ജില്ലയിലെ രാംപുര ​ഗ്രാമത്തിൽ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് ബിന്ദു എന്ന യുവതി ഇതുസംബന്ധിച്ച കത്ത് മുഖ്യമന്ത്രിക്ക് എഴുതിയത്. ​​ഗ്രാമത്തിലെ റോഡ് നന്നാക്കണമെന്നും ബസ് സൗകര്യം ലഭ്യമാക്കണമെന്നുമായിരുന്നു ഇരുപത്തിയാറുകാരിയായ ബിന്ദു കത്തിൽ ആവശ്യപ്പെട്ടത്. റോഡ് നന്നാകുന്ന വരെ തനിക്ക് വിവാഹിതയാവാൻ കഴിയില്ലെന്നും ആരും പോരാടില്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് കത്തെഴുതുന്നതെന്നും ബിന്ദു അറിയിച്ചു.

കത്ത് വാർത്തയായതോടെ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തുകയും ഉടൻ റോഡ് പണി ആരംഭിക്കുമെന്ന് ബിന്ദുവിന് ഉറപ്പു നൽകുകയും ചെയ്തു. ​ഗ്രാമത്തിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഏക വനിതയാണ് ബിന്ദു. പഠനകാലം മുഴുവൻ റോഡിന്റെ ശോചനീയാവസ്ഥ മൂലം തനിക്ക് ഹോസ്റ്റലിൽ നിന്നാണ് പഠിക്കേണ്ടി വന്നതെന്നും ബിന്ദു കത്തിൽ പരാമർശിച്ചു. അറുപതോളം വീടുകളും  മുന്നൂറോളം പേരുമാണ് സ്ഥലത്തുള്ളത്. 

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനത്തിനായി ഒരു സ്കൂൾ ​ഗ്രാമത്തിലുണ്ട്. പക്ഷേ തുടർപഠനത്തിന് പോകണമെങ്കിൽ വീണ്ടും പതിനാലു കിലോമീറ്റർ പോകേണ്ടതുണ്ട്. ഇതുമൂലം പല പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നും ബിന്ദു പറയുന്നു. താൻ വിവാഹിതയായി മറ്റൊരു ​ഗ്രാമത്തിലേക്ക് പോകുമ്പോഴും തന്റെ ​ഗ്രാമം വികസനമില്ലാതെ മുരടിക്കും എന്ന ചിന്തയിൽ നിന്നാണ് വ്യത്യസ്തമായ കത്തെഴുതാൻ തീരുമാനിച്ചതെന്നും ബിന്ദു പറയുന്നു. 

Content Highlights: Karnataka woman writes to CM on lack of roads to village