കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ കാവി ഷാള്‍ ധരിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികളുടെ പ്രതിഷേധം. ബാല്‍ഗഡിയിലെ സര്‍ക്കാര്‍ ഡിഗ്രി കോളേജിലാണ് സംഭവം. പ്രതിഷേധത്തെത്തുടര്‍ന്ന് ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കരുതെന്ന് കോളേജ് മാനേജ്‌മെന്റ് മുസ്ലിം വിദ്യാര്‍ഥിനികളോട് ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജനുവരി 10 വരെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ മാനേജ്‌മെന്റ് എല്ലാവര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. 

പ്രശ്‌നപരിഹാരത്തിനായി ജനുവരി 10-ന് മാതാപിതാക്കളും അധ്യാപകരും പങ്കെടുക്കുന്ന ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതില്‍ ജനപ്രതിനിധികളും പങ്കെടുക്കും. ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാക്കും-കോളേജ് പ്രിന്‍സിപ്പാള്‍ ആനന്ദ് മൂര്‍ത്തിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പ് സമാനമായ യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരിന്നുവെന്നും ഇതുവരെ അത് എല്ലാവരും പാലിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വരെ യാതൊരുപ്രശ്‌നങ്ങളുമില്ലാതെയാണ് കാര്യങ്ങള്‍ പോയത്. എന്നാല്‍, കുറച്ച് പെണ്‍കുട്ടികള്‍ പെട്ടെന്ന് ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തുകയായിരുന്നു. ഇത് ഡ്രസ് കോഡിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം വിദ്യാഥികള്‍ രംഗത്തെത്തുകയായിരുന്നു-പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തരുതെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തീരുമാനിച്ചതാണ്. എന്നാല്‍, ഒരു ദിവസം കുറച്ച് പേര്‍ ഹിജാബ് ധരിച്ചെത്തുകയായിരുന്നു. അതിനാല്‍, ഞങ്ങള്‍ കാവി ഷോള്‍ ധരിച്ച് കോളേജില്‍ വരാന്‍ തുടങ്ങി-പ്രതിഷേധക്കാരായ വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു.

ഹിജാബ് ധരിച്ച് കോളേജില്‍ വരരുതെന്ന് കോളേജ് ഭരണകൂടം ഒട്ടേറെത്തവണ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഉടനടി തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: karnataka college students wear saffron scarves, protest against hijab in classroom