ഫെയ്‌സ് ബുക്കില്‍ പത്ത് ലക്ഷത്തില്‍ അധികവും ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ഇരട്ടിയും ഫോളോവേഴ്‌സ് ഉള്ള പേജാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ. എട്ടുവര്‍ഷത്തോളമായി ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട ഒട്ടേറെയാളുകളുടെ പൊള്ളുന്ന ജീവിതകഥ പറയുന്ന ഈ പേജിന്റെ അമരത്ത് കരിഷ്മ മെഹ്ത എന്ന യുവതിയാണ്.

അതില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, മൃഗസ്‌നേഹികള്‍, കുട്ടികള്‍ തുടങ്ങിയ അനേകം ആളുകളുടെ അതിജീവനത്തിന്റെ കഥ വിവരിക്കുന്നു. വളരെ കുറച്ച് നാളുകള്‍ കൊണ്ടാണ് ഈ പേജ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു കഥ പറയുന്ന ശൈലിയിലാണ് വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ ഈ പേജിലൂടെ വിവരിക്കുന്നത്. ചില വിവരണങ്ങള്‍ വായനക്കാരനെ പിടിച്ചിരുത്തും. ചിലതാകട്ടെ കണ്ണുകളെ ഈറനണിയിക്കും. പക്ഷേ, അവയൊക്കെയും അതിജീവനത്തിന്റെ കഥ പറഞ്ഞാണ് അവസാനിക്കുക.

എങ്ങനെയാണോ ഈ പേജില്‍ ഓരോരുത്തരുടെയും കഥ പറയുന്നത് അതേ പോലെ വിവരിച്ചിരിക്കുകയാണ് കരിഷ്മയുടെ ജീവിതവും. പേജ് തുടങ്ങാനുണ്ടായ സന്ദര്‍ഭം, ആളുകളെ കണ്ടെത്തുന്നത്, ആദ്യ അനുഭവം പങ്കിട്ട ആളെ കണ്ടുമുട്ടിയത് തുടങ്ങി എല്ലാ കാര്യങ്ങളും കരിഷ്മ ഒരു കഥപോലെ ഇതില്‍ പങ്കുവയ്ക്കുന്നു. കരിഷ്മയ്ക്ക് 21 വയസ്സുള്ളപ്പോഴാണ് 'ഹ്യൂമന്‍സ് ഓഫ് ബോംബെ' എന്ന പേജ് ആരംഭിക്കുന്നത്. 

തുടക്കകാലത്ത് ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് കരിഷ്മ വിവരിക്കുന്നു. മറൈന്‍ ഡ്രൈവിലൂടെ നടന്ന് അപരിചിതരായവരോട് തന്നോട് സംസാരിക്കാന്‍ സമ്മതിക്കുമോയെന്ന് ചോദിക്കുകയായിരുന്നു. ആദ്യം ഒരു സ്ത്രീ ആയിരുന്നു സമ്മതിച്ചത്. അവസാനം കഥ പറഞ്ഞു തീര്‍ന്നപ്പോള്‍ നന്ദിയുണ്ടെന്നും നെഞ്ചില്‍ നിന്ന് വലിയൊരു ഭാരമൊഴിഞ്ഞതായി ആ സ്ത്രീ പറഞ്ഞതായി കരിഷ്മ ഓര്‍ത്തെടുത്തു. ജീവിതകഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഇരുവരും വര്‍ഷങ്ങളായി പരിചയമുള്ളവരെപ്പോലെ അടുപ്പക്കാരി. ഞങ്ങള്‍ രണ്ടുവഴിക്ക് വേര്‍പിരിഞ്ഞുവെങ്കിലും എന്തോ ഒരു പ്രത്യേകകാര്യംചെയ്യുന്നതുപോലെയാണ് അനുഭവപ്പെട്ടത്-കരിഷ്മ പറഞ്ഞു.

സാധാരണക്കാരെ കൂടാതെ നിരവധി ബിസിനസ് പേഴ്‌സണാലിറ്റികള്‍, സെലബ്രിറ്റികള്‍ തുടങ്ങി ഒട്ടറെപ്പേരുടെ ജീവിതകഥ ഒപ്പിയെടുത്തെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ട കുട്ടികളുടെ പഠനം, ചികിത്സ, സ്ത്രീകളുടെ പുനഃരധിവാസം തുടങ്ങിയകാര്യങ്ങള്‍ക്കായി ഇതുവരെ 15 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. ലൈംഗിക വാണിഭത്തില്‍പ്പെട്ടുപോയ സ്ത്രീകള്‍, ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നിരപരാധിയായിരുന്ന ഒരാളെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞുവെന്നും കരിഷ്മ പറഞ്ഞു. 

നമ്മള്‍ മറ്റുള്ളവരെ അധികമായി കേട്ടു തുടങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ തുറന്നു സംസാരിക്കും. കാരണം, ആരെങ്കിലും കേള്‍ക്കാനുണ്ടെങ്കില്‍ എന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി കരിഷ്മ പറഞ്ഞു.

ഫെയ്‌സ്ബുക്കില്‍ 7500 ലൈക്കുകളാണ് കരിഷ്മയുടെ ഇന്റര്‍വ്യൂന് ലഭിച്ചത്. ഒട്ടേറെപ്പേര്‍ പോസ്റ്റിനു താഴെ നന്ദി പറഞ്ഞു. ഞാന്‍ മുംബൈയില്‍ നിന്നുള്ള ആളല്ല. പക്ഷേ, പേജില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പോസ്റ്റുകളും വായിക്കുന്നു. എന്റെ ജീവിതത്തില്‍ പോരാടുന്നതിന് അവ എന്നെ പ്രചോദിപ്പിക്കുന്നു-ഒരാള്‍ കമന്റു ചെയ്തു.