ബോളിവുഡിലെ തിളങ്ങുന്ന താരം മാത്രമല്ല വിവാദ നായികകൂടിയാണ് കങ്കണ റണാവത്ത്. രഹസ്യങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട് താരം. ഇതിനെല്ലാമൊപ്പം സിനിമയിൽ എത്തിയ കാലത്ത് താൻ നേരിട്ട വിവേചനങ്ങളെ കുറിച്ചും തന്റെ ഇംഗ്ലീഷ് സംസാരത്തെ കളിയാക്കിയതിനെ കുറിച്ചുമെല്ലാം കങ്കണ പലപ്പോഴും തുറന്ന് പറഞ്ഞത് ചർച്ചയായിരുന്നു. ബോളിവുഡിലെ ഫാഷൻ ക്വീൻ കൂടിയായ കങ്കണ കുട്ടിക്കാലത്ത് താൻ നേരിട്ട കളിയാക്കലുകളെ പറ്റി തുറന്നു പറയുകയാണ് പുതിയ ഇൻസ്റ്റ പോസ്റ്റിൽ.

ചെറുപ്പം തൊട്ടേ അണിഞ്ഞൊരുങ്ങാനും മനോഹരമായ വസ്ത്രങ്ങളണിയാനും തനിക്കിഷ്ടമായിരുന്നു എന്ന് കങ്കണ കുറിക്കുന്നു. നീലയും കറുപ്പും നിറത്തിൽ പൂക്കൾ നിറഞ്ഞ ഒരു ഉടുപ്പ് അണിഞ്ഞ തന്റെ കുട്ടിക്കാലത്തെ ചിത്രവും താരം പങ്കുവയ്ക്കുന്നുണ്ട്. ഇതിനൊപ്പം ഒരു മുത്തുമാലയും കാലിൽ സോക്സും താരം അണിഞ്ഞിട്ടുണ്ട്.

'ചെറുപ്പത്തിൽ മുത്തുമാലയും മറ്റും ധരിച്ച് ഞാൻ ഒരുങ്ങുമായിരുന്നു. എന്റെ മുടി ഞാൻ തന്നെ മുറിക്കും. കാലിൽ ഹൈസോക്സും ഹീൽസും അണിയും. എന്നാൽ എല്ലാവരും എന്നെ പരിഹസിച്ചിരുന്നു. ഗ്രാമത്തിലെ കോമാളിയായിരുന്ന എനിക്കിന്ന് ലണ്ടനിലിയും പാരീസിലെയും ന്യൂയോർക്കിലെയും ഫാഷൻ വീക്കുകളിൽ പങ്കെടുക്കാൻ കഴിയുന്നു. ഫാഷനെന്നാൽ അത് അഭിപ്രായസ്വാതന്ത്ര്യം കൂടിയാണ്.' കങ്കണ തന്റെ പോസ്റ്റിൽ പറയുന്നു.

Content Highlights:Kangana share story behindher journey from ‘ village clown’ to fashionista