മാതൃദിനത്തില്‍ അമ്മയ്ക്ക് വേണ്ടി മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് താരത്തിന്റെ പോസ്റ്റ്. 

" പ്രിയപ്പെട്ട അമ്മേ. ഞാന്‍ വീട് വിട്ടിറങ്ങിയ സമയത്ത് ഈ ലോകം പെട്ടെന്ന് ഇരുട്ടിലാവുമെന്ന് കരുതിയിരുന്നില്ല. വീട്ടിലേക്ക് വിളിക്കുമ്പോള്‍ അച്ഛന് ചോദിക്കാന്‍ നിരവധി ചോദ്യങ്ങളുണ്ടാവും സഹോദരങ്ങള്‍ക്ക് നിരവധി സംശയങ്ങളുണ്ടാവും. പക്ഷേ അമ്മ ആകാംഷയോടെ ചോദിച്ചത് നീ എന്താണ് മോളേ കഴിച്ചതെന്നയായിരുന്നു. ആരാണ് നിനക്ക് ഭക്ഷണം പാകം ചെയ്ത് തരുന്നത്. എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്.ഇതാണ് അമ്മയ്ക്ക് അറിയേണ്ടത്. അമ്മയുടെ ആ ചോദ്യങ്ങള്‍ കണ്ണുനിറയ്ക്കുമായിരുന്നു. എന്ത് തന്നെ സംഭവിച്ചാലും എന്നെ സ്‌നേഹിക്കാനും എന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരാനും അമ്മയുണ്ടാവുമെന്ന് അക്കാലത്ത് ഞാന്‍ എന്നെ തന്നെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു."- കങ്കണ കുറിച്ചു.

അമ്മയുടെ പഴയകാല ചിത്രവും പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊറോണ പോസിറ്റീവായ വിവരം താരം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. താരത്തിന്റെ ട്വീറ്റര്‍ അക്കൗണ്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്.

Content Highlights: Kangana ranaut instagram post on mothers day