വിവാദങ്ങളുടെ ഉറ്റതോഴിയാണ് ബോളിവു‍ഡ് താരം കങ്കണ റണൗട്ട്. അടുത്തിടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് കങ്കണ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. 1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ലെന്നും ഭിക്ഷയായിരുന്നുവെന്നും കങ്കണ ഒരു പൊതുചടങ്ങളിൽ പറഞ്ഞതാണ് വിവാദങ്ങളുടെ തുടക്കം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ലീലാഭായി ചിറ്റാലെ.

കങ്കണയുടെ പരാമർശത്തെ രൂക്ഷമായി വിമർശിക്കുകയാണ് തൊണ്ണൂറ്റൊന്നുകാരിയായ ലീലാഭായ്. കങ്കണ റണൗട്ട് എന്നു പേരുള്ള ഒരു സ്ത്രീ 1947ൽ രാജ്യത്തിന് ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും പറയുകയുണ്ടായി. ആ സ്ത്രീക്ക് പ്രസിഡെൻഷ്യൽ മെഡൽ ലഭിക്കുകയും ചെയ്തിരിക്കുന്നു. അതെന്നെ ഏറെ നിരാശപ്പെടുത്തി. കാരണം പന്ത്രണ്ടാം വയസ്സിൽ ഗാന്ധിജിയുടെ നിർദേശപ്രകാരം ഇം​ഗ്ലീഷ് വിദ്യാഭ്യാസം ബഹിഷ്കരിച്ചതിന്റെ പേരിൽ ജയിലിൽ കിടന്ന വ്യക്തിയാണ് ഞാൻ. മൂന്ന് മറ്റ് സുഹൃത്തുക്കൾക്കൊപ്പമാണ് അകോലയിലെ സീതാഭായ് ആർട്സ് കോളേജിലെത്തിയത്. ​ഗേറ്റിനരികിൽ നിന്ന് വിദ്യാർഥികളോട് ഡൂ ഓർ ഡൈ എന്നുറക്കെ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ബ്രിട്ടീഷുകാർ ഞങ്ങളെ അറസ്റ്റ് ചെയ്യുകയുണ്ടായി. മാതാപിതാക്കളും സഹോദരനും ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. പതിനഞ്ചു വയസ്സിനു താഴെയുള്ളവരെ അഴിക്കുള്ളിലാക്കരുതെന്ന ബ്രിട്ടീഷ് നിയമത്തെ തുടർന്ന് വൈകുന്നേരം വരെ തങ്ങളെ പോലീസ് സ്റ്റേഷനിൽ നിർത്തി തിരികെ വിടുകയായിരുന്നു. കങ്കണയുടെ ഇത്തരം പരാമർശങ്ങൾ തന്നെപ്പോലുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്- ലീലാഭായ് പറഞ്ഞു.

രാജ്യത്തിനു വേണ്ടി സ്വയം ത്യജിക്കാൻ തയ്യാറായി ജാതിമതനിറഭേദമന്യേ ജനങ്ങൾ മുന്നോട്ടു വരുന്നതു നേരിൽ കണ്ടതാണ്, അതനുഭവിച്ചതാണ്. വീട്ടിലെ ഏക വരുമാനസ്രോതസ്സായിരുന്ന സഹോദരനെ മൂന്നര വർഷത്തോളം ജയിലിൽ അടച്ച കാലത്ത് ഒരു മുസ്ലിം കുടുംബമാണ് തങ്ങളെ പരിപാലിച്ചത്. കങ്കണയുടെ പരാമർശത്തെ അപലപിക്കുന്നു. ഇത് രാജ്യദ്രോഹമാണ്. ഇത്തരമൊരു പരാമർശം കേൾക്കുന്ന വരുംതലമുറയുടെ നമ്മളെക്കുറിച്ചുള്ള ചിന്ത എന്തായിരിക്കും? രാജ്യത്തിന്റെ ഭാവി എന്തായിരിക്കും?- ലീലാഭായ് ചോദിക്കുന്നു. 

പരാമർശത്തിന്റെ പേരിൽ കങ്കണ ജയിലിൽ പോകണമെന്ന് താൻ ആ​ഗ്രഹിക്കുന്നില്ലെന്നും എന്നാൽ നിയമനടപടി നേരിട്ടേ മതിയാവൂ എന്നും ലീലാഭായ് പറഞ്ഞു. അഹിംസാ മാർ​ഗത്തിലൂടെ സ്വാതന്ത്ര്യം നേടിയത് ഭിക്ഷയല്ല മറിച്ച് അസാധാരണമായ പരീക്ഷണമായിരുന്നു. കങ്കണയുടെ പരാമർശം തന്നെപ്പോലുള്ളവരെ അധിക്ഷേപിക്കലാണ്. ഇത് രാജ്യദ്രോഹമാണെന്ന് പറയാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കങ്കണയ്ക്ക് നേർവഴി ഉപദേശിക്കണമെന്നും ലീലാഭായ് കുട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലീലാഭായ് ഇക്കാര്യങ്ങൾ പറഞ്ഞത്. 

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. '1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്'- എന്നായിരുന്നു കങ്കണയുടെ പരാമർശം.

Content Highlights: freedom fighter slams kangana ranaut, independence remark, indias independence, kangana ranaut controversy